നമ്മുടെ ശരീരം പ്യൂരിൻസ് എന്നറിയപ്പെടുന്ന പദാർത്ഥങ്ങളെ വിഘടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രാസവസ്തുവാണ് യൂറിക് ആസിഡ്. സാധാരണഗതിയിൽ ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന യൂറിക് ആസിഡ് രക്തത്തിൽ അലിഞ്ഞുചേർന്ന് വൃക്കകളിലേക്ക് നീങ്ങുകയാണ് ചെയ്യുന്നത്. അവിടെ നിന്ന് അത് മൂത്രത്തിലൂടെ പുറത്തേക്ക് പോകുന്നു. എന്നാൽ നിങ്ങളുടെ ശരീരം വളരെയധികം യൂറിക് ആസിഡ് ഉത്പാദിപ്പിക്കുകയോ ആവശ്യത്തിന് നീക്കം ചെയ്യാതിരിക്കുകയോ ചെയ്താൽ ശരീരത്തിൽ യൂറിക് ആസിഡ് അളവ് കൂടുകയും വിവിധ അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതാണ്. രക്തത്തിലെ ഉയർന്ന അളവിലുള്ള യൂറിക് ആസിഡിനെയാണ് ഹൈപ്പർ യൂറിസെമിയ എന്ന് വിളിക്കുന്നത്.
യൂറിക് ആസിഡിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്പോൾ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാറുണ്ട്. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത് പലപ്പോഴും യൂറിക്കാസിഡ് അളവ് വർദ്ധിക്കുന്നതാണ്. യൂറിക് ആസിഡിന്റെ അളവ് 6 mg/dl-ൽ താഴെ നിലനിർത്തുന്നത് സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ജീവിതരീതിയിലും ഭക്ഷണരീതിയിലും വരുത്തുന്ന ചില ചെറിയ മാറ്റങ്ങൾകൊണ്ട് യൂറിക് ആസിഡ് നിയന്ത്രിച്ചു നിർത്താൻ കഴിയുന്നതാണ്.
യൂറിക് ആസിഡ് വർദ്ധിക്കുന്നതിനുള്ള കാരണങ്ങൾ നിരവധിയാണ്. പ്യൂരിൻ അടങ്ങിയ ഭക്ഷണക്രമം, മദ്യത്തിന്റെ ഉപയോഗം, ശരീരത്തിൽ വിറ്റാമിൻ ബി12ന്റെ അളവ് കുറയുന്നത്, അമിതവണ്ണം, നിർജലീകരണം, അമിതമായ വ്യായാമം, ചില മരുന്നുകളുടെ ഉപയോഗം, സോറിയാസിസ്, കിഡ്നി തകരാറ്, വൃക്ക രോഗങ്ങൾ, ഹൈപ്പോതൈറോയിഡിസം, ഹൈപ്പർപാരാതൈറോയിഡിസം എന്നിവയെല്ലാം മൂലം ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നതാണ്. ക്യാൻസർ ചികിത്സയുടെ ഭാഗമായി കീമോതെറാപ്പി ചെയ്യുന്നവരിലും യൂറിക് ആസിഡ് അളവ് കൂടുതലായി കാണപ്പെടുന്നതാണ്.
യൂറിക് ആസിഡ് വർദ്ധിക്കുന്നതിനുള്ള യഥാർത്ഥ കാരണം കണ്ടെത്തി ചികിത്സ നൽകുക, ശരിയായ രീതിയിലുള്ള ഭക്ഷണക്രമം പിന്തുടരുക എന്നിവ വഴി ശരീരത്തിലെ യൂറിക് ആസിഡിനെ കുറയ്ക്കാവുന്നതാണ്. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക, പൊട്ടാസ്യം കൂടുതൽ അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശീലമാക്കുക, വിറ്റാമിൻ സി ധാരാളമടങ്ങിയ സിട്രസ് ഫലങ്ങളായ ഓറഞ്ച്, മുസംബി, ചെറുനാരങ്ങ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നീ കാര്യങ്ങൾ യൂറിക് ആസിഡ് അളവ് കുറയ്ക്കാൻ സഹായിക്കുന്നതാണ്. കൊഴുപ്പ് മാറ്റിയ മോര്, കാപ്പി, ഗ്രീൻ ടീ എന്നീ പാനീയങ്ങളും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കും. ഇതെല്ലാം സഹായകരമാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാര്യം ധാരാളമായി വെള്ളം കുടിക്കുക എന്നുള്ളതാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ യൂറിക് ആസിഡിനെ നിയന്ത്രിച്ച് നിർത്താൻ കഴിയുന്നതാണ്.












