തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ കോഴിക്കോട് സ്വദേശിയും അഭിഭാഷകനുമായ റയീസ് അറസ്റ്റിൽ. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇ മെയിൽ ഉണ്ടാക്കിയത് റയീസാണെന്ന് പോലീസ് കണ്ടെത്തി. കേസിലെ ആദ്യത്തെ അറസ്റ്റാണിത്.
കേസിലെ മറ്റ് പ്രതികളായ അഖിൽ സജീവിന്റെയും ലെനിൻ രാജന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്. പരാതിക്കാരന്റെ മരുമകൾക്ക് ലഭിച്ച പോസ്റ്റിംഗ് ഓർഡർ വന്നത് ഒരു വ്യാജ മെയിൽ ഐഡിയിൽ നിന്നാണ്. ഈ മെയിൽ ഐഡി നിർമ്മിച്ചത് റയീസ് ആണെന്നാണ് നിഗമനം. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനകളിലും ഇയാൾക്കു പങ്കുണ്ടെന്നും കണ്ടെത്തി.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും പോലീസ് ചോദ്യം ചെയ്തിരുന്നു. പിന്നീട് ബാസിതിനെ അറസ്റ്റിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
അതേസമയം പരാതിക്കാരനായ ഹരിദാസൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. ഹരിദാസൻ ഒളിവിലാണെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്.
Discussion about this post