ഷിംല: ഹിമാചൽ പ്രദേശിൽ സർക്കാർ ഓഫീസിന്റെ ചുവരിൽ ഖാലിസ്ഥാൻ അനുകൂല ഗ്രാഫിറ്റി. ധർമ്മശാലയിലാണ് സംഭവം. ഐസിസി വേൾഡ് കപ്പ് മത്സരങ്ങൾ നടക്കാൻ മൂന്ന് ദിവസം മാത്രമുള്ളപ്പോൾ പ്രത്യക്ഷപ്പെട്ട ഗ്രാഫിറ്റി അധികൃതരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്.
രാവിലെയോടെയായിരുന്നു ഓഫീസിന് മുൻപിലെ ചുവരുകളിൽ ഖാലിസ്ഥാൻ ഭീകരർ വരച്ച ഗ്രാഫിറ്റികൾ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി സ്ഥലത്ത് പരിശോധന നടത്തി. ഇതിന് ശേഷം ചുവരുകൾ പെയിന്റ് അടിച്ച് ഗ്രാഫിറ്റികൾ മായ്ച്ചു കളഞ്ഞു. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ വേൾഡ് കപ്പ് ടെറർ വേൾഡ് കപ്പ് ആകുമെന്ന തരത്തിൽ ഖാലിസ്ഥാനി സംഘടനയായ സിഖ് ഫോർ ജസ്റ്റിന്റെ നേതാവ് ഗുർപവന്ത് സിംഗ് പന്നുൻ ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയത്തിൽ നിന്നും കിലോമീറ്ററുകൾ മാത്രം അകലെയുള്ള സ്ഥലത്ത് ഗ്രാഫിറ്റി പ്രത്യക്ഷപ്പെടുന്നത്.
കഴിഞ്ഞ ദിവസം ഡൽഹിയിലും ഖാലിസ്ഥാൻ അനുകൂല ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൽ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെയാണ് വീണ്ടും സമാന സംഭവം ഹിമാചലിൽ ഉണ്ടാകുന്നത്.
Discussion about this post