ന്യൂഡൽഹി: ഗാർഹിക പാചക വാതകത്തിന്റെ സബ്‌സിഡി വർദ്ധിപ്പിച്ച് മോദി സർക്കാർ. നൂറ് രൂപയാണ് വർദ്ധിപ്പിച്ചത്. വർദ്ധനവ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് കീഴിലുള്ള ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമാകും.
നേരത്തെ പദ്ധതിയ്ക്ക് കീഴിലുള്ളവർക്ക് 200 രൂപയാണ് സബ്‌സിഡിയായി നൽകി കൊണ്ടിരുന്നത്. ഇത് 300 ആക്കിക്കൊണ്ടാണ് ഇപ്പോഴത്തെ വർദ്ധനവ്. ഇനി മുതൽ ഉജ്ജ്വല യോജന ഗുണഭോക്താക്കൾ സിലിണ്ടറിന് 603 രൂപ നൽകിയാൽ മതികായും. 14.2 കിലോഗ്രാം സിലിണ്ടറിന് 903 രൂപയാണ് നൽകേണ്ടിവരുന്നത്. ഈ സിലിണ്ടർ 703 രൂപയ്ക്കായിരുന്നു ഉജ്ജ്വല യോജന പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ലഭിച്ചുകൊണ്ടിരുന്നത്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് നിർണായകമായ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് എൽപിജി സിലിണ്ടറുകൾക്ക് 200 രൂപ സബ്‌സിഡി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. തൊട്ട് പിന്നാലെയാണ് വീണ്ടും വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ ഉപഭോക്താക്കൾക്ക് പദ്ധതിയുടെ ആനുകൂല്യം മൂന്ന് വർഷത്തേക്ക് കൂടി നീട്ടിയിരുന്നു. ഏകദേശം 75 ലക്ഷത്തോളം കുടുംബങ്ങളാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
2016 ലായിരുന്നു പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്ക്ക് തുടക്കം കുറിച്ചത്. പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യമായി പാചകവാതക കണക്ഷൻ നൽകുന്നതാണ് പദ്ധതി. പിന്നീട് 2018 ൽ പദ്ധതി കേന്ദ്രസർക്കാർ വിപുലീകരിക്കുകയായിരുന്നു.
Discussion about this post