ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണം. അനന്ത നാഗിൽ പ്രദേശവാസിയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വനിഹാമ സ്വദേശിയായ സുശീൽ ബഷീറിനാണ് പരിക്കേറ്റത്. രാത്രിയോടെയായിരുന്നു സംഭവം. നടന്നു പോകുമ്പോഴായിരുന്നു ആക്രമണം എന്നാണ് റിപ്പോർട്ടുകൾ. വാഹനങ്ങൾ എത്തിയ ഭീകരർ ബഷീറിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെ ഭീകരർ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
ബഹളം കേട്ട പ്രദേശവാസികളാണ് ബഷീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വിവരം അറിഞ്ഞ് സുരക്ഷാ സേന സ്ഥലത്ത് എത്തി. ഭീകരർക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷമാണ് കശ്മീരിൽ പ്രദേശവാസികൾക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.
രാവിലെ ഏറ്റുമുട്ടലിൽ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശവാസിയ്ക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. കുൽഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ ആണ് വധിച്ചത്.









