സഹപ്രവർത്തകരുമായി പന്തയം വെച്ച് 10 മിനിറ്റിനുള്ളിൽ ഒരു ലിറ്റർ മദ്യം കുടിച്ചയാൾ മരണപ്പെട്ടു. ചൈനയിലാണ് സംഭവം. ഓഫീസ് പാർട്ടിക്കിടയിലാണ് രണ്ട് ലക്ഷം രൂപയ്ക്ക് ഇത്തരമൊരു പന്തയം നടത്തിയത്. ഗുവാങ്‌ഡോങ് പ്രവിശ്യയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നവരായിരുന്നു ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നത്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഷാങ് എന്ന യുവാവാണ് ദാരുണമായി മരണപ്പെട്ടത്.
ഓഫീസിലെ ജീവനക്കാരെല്ലാം പങ്കെടുത്ത അത്താഴ വിരുന്നിനിടെ മേലുദ്യോഗസ്ഥനായ യാങ് ആണ് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മദ്യം കഴിക്കുന്ന പന്തയം വെച്ചത്. വീര്യം കൂടിയ ചൈനീസ് മദ്യമായ ചൈനീസ് ബൈജു സ്പിരിറ്റ് ആണ് ഇതിനായി ഷാങ് കുടിച്ചത്. 20,000 യുവാൻ (ഏകദേശം 2.31 ലക്ഷം രൂപ) ആയിരുന്നു പന്തയത്തുക. ഈ പന്തയത്തിൽ ഷാങ് തോൽക്കുകയാണെങ്കിൽ 10,000 യുവാൻ മുടക്കി ഓഫീസിലെ എല്ലാ ജീവനക്കാർക്കും ചായസൽക്കാരം നടത്തണമെന്നും മേലുദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു.
ഈ പന്തയത്തെ തുടർന്നാണ് ഷാങ് 10 മിനിറ്റിനകം ഒരു ലിറ്ററോളം മദ്യം കുടിച്ചത്. എന്നാൽ ഉടനെ തന്നെ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയാഘാതം സംഭവിച്ചതായും മരണപ്പെട്ടതായും സ്ഥിരീകരിച്ചു. സംഭവത്തില്‍ ഷെന്‍ഷെന്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ ഇത്തരം ഒരു സംഭവത്തെ തുടർന്ന് കമ്പനി പിരിച്ചു വിടുന്നതായി ഔദ്യോഗിക പ്രതിനിധിയും അറിയിച്ചിട്ടുണ്ട്.
Discussion about this post