എറണാകുളം : ഏതാനും ദിവസങ്ങൾക്കു മുൻപാണ് കടല്‍വാതുരുത്ത് പുഴയിലേക്ക് കാര്‍ മറിഞ്ഞ് രണ്ട് യുവ ഡോക്ടര്‍മാര്‍ മരണപ്പെട്ടത്. ഗൂഗിള്‍ മാപ്പ് തെറ്റായ വഴി കാണിച്ചതിനാലാണ് കാർ പുഴയിലേക്ക് മറിഞ്ഞത് എന്നാണ് പുറത്തുവന്നിരുന്ന വിവരം. എന്നാൽ ഈ അപകടത്തിന് കാരണമായത് ഗൂഗിള്‍ മാപ്പ് വഴിമാറി കാണിച്ചതുകൊണ്ടല്ലെന്ന് വ്യക്തമാക്കുകയാണ് ഇപ്പോൾ മോട്ടോര്‍ വാഹന വകുപ്പ്. അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് കാരണമായതെന്നും മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് ഗോതുരുത്ത് പുഴയിലെ കടല്‍വാതുരുത്ത് കടവിൽ അപകടം നടന്നത്. മോട്ടോര്‍ വാഹന വകുപ്പ് അപകടസ്ഥലവും ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാറും വിശദമായി പരിശോധിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിയത്.
ഗൂഗിള്‍ മാപ്പില്‍ വഴി കൃത്യമായി തന്നെയാണ് കാണിക്കുന്നത് എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ മേഖലയിലെ ദിശാ ബോര്‍ഡുകളും ഗൂഗിള്‍ മാപ്പും ശരിയായി ശ്രദ്ധിക്കാതെ അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് കണ്ടെത്തൽ.
ഡോക്ടർമാർ സഞ്ചരിച്ചിരുന്ന കാറിന് കേടുപാടുകൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ദേശീയപാത 66 ഒഴിവാക്കി ചേന്ദമംഗലം-വടക്കുംപുറം-ഗോതുരുത്ത് വഴിയാണ് ഡോക്ടർമാരുടെ സംഘം കടല്‍വാതുരുത്തില്‍ എത്തിയത്. തുടർന്ന് ഇടത്തേക്ക് തിരിയാതെ നേരെ കടവിലെ റോഡിലേക്ക് കയറിയതാണ് അപകടത്തിന് കാരണമായതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. രാത്രികാലങ്ങളിൽ ഈ വഴി സഞ്ചരിക്കുന്നവരുടെ സുരക്ഷയ്ക്കായി
പുഴയുടെ 25 മീറ്റര്‍ മുമ്പെങ്കിലും ബാരിക്കേഡുകൾ സ്ഥാപിക്കണമെന്ന് പിഡബ്ല്യുഡിയോടും ചേന്ദമംഗലം പഞ്ചായത്തിനോടും ഉദ്യോഗസ്ഥർ ആവശ്യമുന്നയിച്ചിട്ടുണ്ട്.
Discussion about this post