ബംഗളൂരു : അനിയന്ത്രിതമായ ട്രാഫിക് പ്രശ്നങ്ങൾക്ക് പരിഹാരമായി ബംഗളൂരുവിൽ റോഡ് ടണൽ നിർമ്മിക്കാൻ ആസൂത്രണം ചെയ്യുകയാണ് കർണാടക സർക്കാർ. 190-കിലോമീറ്റർ നീളത്തിൽ ടണൽ നിർമ്മിക്കും എന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. പദ്ധതിക്കായി 45 ദിവസത്തിനകം സർക്കാർ ടെൻഡർ ക്ഷണിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ അറിയിച്ചു.
റോഡ് ടണലിന്റെ നിർമ്മാണത്തിനായി എട്ട് കമ്പനികൾ യോഗ്യത നേടിയിട്ടുണ്ടെന്നും ഈ കമ്പനികൾ സാധ്യതാ റിപ്പോർട്ട് സമർപ്പിക്കുമെന്നും വിധാൻ സൗധയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡികെ ശിവകുമാർ വ്യക്തമാക്കി. ടണൽ നാലുവരി വേണമോ ആറുവരി വേണമോ എന്നുള്ളതിനെക്കുറിച്ചും എവിടെ നിന്ന് തുടങ്ങണം എവിടെ അവസാനിക്കണം എന്ന കാര്യത്തിലും ഈ കമ്പനികൾ പഠിച്ച് റിപ്പോർട്ട് നൽകുമെന്നും ഡികെ ശിവകുമാർ അറിയിച്ചു.
ബംഗളൂരു നഗരവികസന വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി കൂടിയാണ് ഡികെ ശിവകുമാർ. ടണൽ നിർമ്മാണ പദ്ധതി വളരെ വലിയ തോതിലുള്ളതും വൻതോതിൽ ഫണ്ട് ആവശ്യമുള്ളതുമായതിനാൽ, പല ഘട്ടങ്ങളിലായിട്ടായിരിക്കും നിർമ്മാണം പൂർത്തീകരിക്കുക എന്നും അദ്ദേഹം അറിയിച്ചു.
Discussion about this post