മുംബൈ: ഓൺലൈൻ വാതുവയ്പ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ ബോളിവുഡ് താരങ്ങൾക്ക് നോട്ടീസ് അയച്ച് ഇഡി. ശ്രദ്ധ കപൂർ, ഹുമ ഖുറേഷി, ഹിന ഖാൻ, കപിൽ ശർമ്മ എന്നിവർക്കാണ് ഇഡി നോട്ടീസ് നൽകിയത്. നേരത്തെ ബോളിവുഡ് നടൻ രൺബീർ കപൂറിനും ഇഡി നോട്ടീസ് നൽകിയിരുന്നു.
ശ്രദ്ധ കപൂർ ഉൾപ്പെടെയുള്ള താരങ്ങളോട് ഇന്ന് ഹാജരാകാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഹിന ഖാൻ, ഹുമ ഖുറേഷി എന്നിവർ ആപ്പിന്റെ പ്രമോഷന്റെ ഭാഗം ആയിരുന്നു. ഇതേ തുടർന്നാണ് ഇരുവർക്കും ഇഡി നോട്ടീസ് നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ ദുബായിൽ വച്ച് ആപ്പിന്റെ ഉടമകൾ വിജയാഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിൽ പങ്കെടുത്തതിനാണ് കപിൽ ശർമ്മയ്ക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. താരങ്ങൾ ഇന്ന് ഇഡിയ്ക്ക് മുൻപിൽ ഹാജരായേക്കുമെന്നാണ് സൂചന.
മഹാദേവ ബുക്ക് ആപ്പ് എന്ന് പേര് നൽകിയിരിക്കുന്ന ഓൺലൈൻ വാതുവയ്പ്പ് ആപ്പ് വഴി കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതേ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ അന്വേഷണം. ആപ്പിന്റെ പ്രൊമോഷന്റെ ഭാഗം ആയിരുന്നു നടൻ രൺബീർ കപൂർ. ഇതേ തുടർന്നാണ് അദ്ദേഹത്തോടും ഹാജരാകാൻ നിർദ്ദേശിച്ചത്. അതേസമയം തിരക്കുകളിൽ ആയതിനാൽ ചോദ്യം ചെയ്യലിന് അദ്ദേഹം ഹാജരാകില്ല. ഹാജരാകാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഇഡിയെ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post