തിരുവനന്തപുരം: നിയമനം വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രധാന പ്രതിയായ അഖിൽ സജീവ് പിടിയിൽ. പത്തനംതിട്ട പോലീസാണ് അഖിൽ സജീവിനെ പിടികൂടിയത്. കഴിഞ്ഞ ഏതാനും നാളുകളായി ഇയാൾക്കായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമായി തുടരുകയായിരുന്നു.
തേനിയിൽ നിന്നാണ് അഖിൽ സജീവിനെ പത്തനംതിട്ട എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തേനിയിൽ ഉള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെയോടെയാണ് അഖിലിനെ കസ്റ്റഡിയിൽ എടുത്തത്. ഉടനെ അഖിലിനെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യും. ഇതിന് ശേഷം കോടതിയിൽ ഹാജരാക്കും. 2021, 2022 എന്നീ വർഷങ്ങളിൽ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പത്തനംതിട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
നിയമനത്തിനായി പണം തട്ടിയ കേസിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ശേഷം അഖിലിനെ കന്റോൺമെന്റ് പോലീസിന് കൈമാറും. ഈ കേസുമായി ബന്ധപ്പെട്ട് അഖിലിന് പുറമേ ലെനിൻ, റഹീസ് എന്നിവരെയാണ് പ്രതി ചേർത്തിട്ടുള്ളത്. ഇതിൽ റഹീസ് നേരത്തെ അറസ്റ്റിലായിരുന്നു. ലെനിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെ കഴിഞ്ഞ ദിവസം ലെനിൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
Discussion about this post