കോട്ടയം : വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങൾ കോട്ടയത്ത് സംഘടിപ്പിക്കപ്പെട്ടു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആർഎസ്എസ് കോട്ടയം വിഭാഗ് സാംഘികിൽ സർകാര്യവാഹ് ദത്താത്രേയ ഹൊസബാലെ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആയിരക്കണക്കിന് സ്വയംസേവകർ പരിപാടിയിൽ പങ്കെടുത്തു.
എല്ലാ സ്വയംസേവകർക്കും പ്രേരണയായി മാറിയ ഐതിഹാസിക സമരം ആയിരുന്നു വൈക്കം സത്യഗ്രഹം എന്ന് ദത്താത്രേയ ഹൊസബാലെ ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. സത്യഗ്രഹം മുന്നോട്ടുവെച്ച ആശയങ്ങളും ലക്ഷ്യങ്ങളും ആണ് ആർഎസ്എസിന്റെ പ്രവർത്തനങ്ങളിലൂടെ കാണാനാവുക എന്നും ഹൊസബാലെ വ്യക്തമാക്കി. കേളപ്പജി, ടി കെ മാധവൻ, മന്നത്ത് പത്മനാഭൻ എന്നീ സമരനായകരോടുള്ള കൃതജ്ഞത കൂടിയാണ് കോട്ടയം വിഭാഗ് സാംഘികിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സാമാജിക സമരസതയുടെ സന്ദേശമാണ് വീർ സവർക്കർ മുന്നോട്ടുവച്ചത്, ഇതേ ആശയത്തിലൂന്നിയാണ് ആർഎസ്എസിന്റെ പ്രവർത്തനമെന്ന് ഹൊസബാലെ സൂചിപ്പിച്ചു. യാതൊരുവിധ ഭേദഭാവങ്ങളും ആർഎസ്എസ് ശാഖയിൽ കാണാൻ കഴിയില്ല. ഹിന്ദുക്കൾ എല്ലാവരും സഹോദരന്മാരാണെന്ന ഇതേ സന്ദേശമാണ് ഓരോ സ്വയം സേവകനും നൽകുന്നത്. സാമാജിക സമരസത, കുടുംബ പ്രബോധനം, പൗരധർമ്മം വളർത്തൽ, പ്രകൃതി സംരക്ഷണം, സ്വദേശി ജീവിതം എന്നീ പഞ്ചപരിവർത്തനങ്ങൾ ആണ് ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്നത് എന്നും ദത്താത്രേയ ഹൊസബാലെ വ്യക്തമാക്കി.
Discussion about this post