ഇന്ന് മനുഷ്യൻ ഏറ്റവും കൂടുതൽ ഭയക്കുന്ന ഒന്നാണ് ഹൃദയാരോഗ്യം. ഹൃദയാഘാതം മൂലം ചെറുപ്പക്കാർ വരെ മരണത്തിന് കീഴടങ്ങിയതോടെ ആളുകൾ കൂടുതൽ ശ്രദ്ധാലുക്കളായി.ഹൃദയാഘാതത്തെക്കാൾ അപകടകരമാണ് ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനം. ഹൃദയത്തിന്റെ പ്രവർത്തനം നിലക്കുന്നതോടെ അതിന് രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരുകയും അത് ശരീരത്തെയൊന്നാകെ ബാധിക്കുകയും ചെയ്യും.
ഹൃദയസ്തംഭനം ഉണ്ടാകുന്നവരിൽ 50 ശതമാനം പേർക്കും 24 മണിക്കൂറിന് മുൻപ് ഇത് സംബന്ധിച്ച് ലക്ഷണങ്ങൾ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണങ്ങൾ വ്യത്യാസപ്പെട്ടിരിക്കും.
ഹൃദയം മിടിക്കുന്നതിന്റെ താളം തെറ്റുന്നതാണ് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുന്നത്. സ്ത്രീകളിൽ ശ്വാസംമുട്ടലിനു പുറമേ അമിതമായ വിയർപ്പ്, കൈകളിലോ അടിയവയറ്റിനു മുകളിലോ വേദന തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകാം. സ്ത്രീകൾക്ക് പ്രത്യുത്പാദന ക്ഷമമായ കാലഘട്ടത്തിന് ശേഷമാണ് ഹൃദ്രോഗസാധ്യത അധികമാകുന്നതെന്നും ഗവേഷകർ പറയുന്നു. ഇവരിലെ ഈസ്ട്രജൻ ഹോർമോൺ നൽകുന്ന സുരക്ഷ ആർത്തവവിരാമത്തോടെ കഴിയുന്നതാണ് ഹൃദയസ്തംഭന സാധ്യത ഉയരാനുള്ള കാരണം. സ്ത്രീകളിലെ ക്ഷീണം ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിൽ ഒന്നുകൂടിയാണ്. ഇതുണ്ടാകുന്നതിന് മുമ്പായി മാസങ്ങൾക്ക് മുമ്പേ സ്ത്രീകളിൽ ക്ഷീണം പ്രത്യക്ഷപ്പെട്ട് തുടങ്ങുമെന്ന് വിദഗ്ധർ പറയുന്നു.
ബോധക്ഷയം,വേഗത്തിലുള്ള ഹൃദയമിടിപ്പ്,നെഞ്ചുവേദന,തലകറക്കം,ശ്വസിക്കാൻ ബുദ്ധിമുട്ട്,ഛർദ്ദി,വയറുവേദന, കാലുകളിലോ അടിവയറ്റിലോ വീക്കം, ക്ഷീണം, ഊർജ്ജമില്ലായ്മ തുടങ്ങിയവയാണ് പൊതുവെ സ്ത്രീകളിലും പുരുഷന്മാരിലും കണ്ട് വരുന്ന ലക്ഷണങ്ങൾ. യുഎസിലെ സിഡാർസ്-സിനായ് മെഡിക്കൽ സെന്ററിലെ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പുതിയ പഠനമനുസരിച്ച്, ഹൃദയസ്തംഭനത്തിന്റെ തലേ ദിവസം പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്ത ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. സ്ത്രീകൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോൾ പുരുഷന്മാർക്ക് നെഞ്ചുവേദനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്.ഇവയേതെങ്കിലും ചെറിയ രീതിയിൽപോലും അനുഭവപ്പെടുകയാണെങ്കിൽ വിദഗ്ധ ചികിത്സ തേടുന്നതാണ് അഭികാമ്യം.
Discussion about this post