പട്ന : ബീഹാറിലെ മുസാഫർപൂർ ജില്ലയിൽ വാഹനാപകടത്തിൽപ്പെട്ടയാളുടെ മൃതശരീരത്തിന്റെ അവശിഷ്ടങ്ങൾ പോലീസ് കനാലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. അത്യന്തം നീചവും ക്രൂരവുമായ ഈ പ്രവൃത്തി ക്യാമറയിൽ പകർത്തിയത് ഒരു വഴിയാത്രക്കാരനായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ബീഹാർ പോലീസിനെതിരെ ഉയർന്നു വരുന്നത്.
വീഡിയോ ദൃശ്യങ്ങളിൽ പോലീസുകാർ ബാറ്റൺ ഉപയോഗിച്ച് ഒരു പൊതി കനാലിലേക്ക് തള്ളുന്നത് കാണാം. വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് ഈ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ബീഹാർ സർക്കാർ നടപടി എടുത്തിട്ടുണ്ട്. വലിയ രീതിയിലുള്ള അപകടമായിരുന്നു നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാൻ കഴിയാത്ത രീതിയിൽ ചതഞ്ഞെരഞ്ഞ നിലയിൽ ആയിരുന്നു എന്നുമാണ് ബീഹാർ പോലീസ് ഈ വിഷയത്തെക്കുറിച്ച് പറയുന്നത്.
മൃതശരീരത്തിന്റെ സാധ്യമായ ഭാഗങ്ങൾ വീണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട് എന്നും ഒട്ടും വീണ്ടെടുക്കാൻ കഴിയാത്ത നിലയിലുള്ള ഭാഗങ്ങളാണ് കനാലിൽ എറിഞ്ഞതെന്നുമാണ് ബീഹാർ പോലീസിന്റെ വാദം. സംഭവം വിവാദമായതോടെ കനാലിൽ നിന്നും മൃതശരീര ഭാഗങ്ങൾ വീണ്ടെടുത്ത് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇത് ആരുടെ മൃതദേഹം ആണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
Discussion about this post