ബെർലിൻ : ഇറാനിൽ നിന്നും ജർമനിയിൽ എത്തിയ വിമാനത്തിനുള്ള സുരക്ഷാ ഭീഷണിയെ തുടർന്ന് ജർമൻ വിമാനത്താവളം പ്രവർത്തനം നിർത്തിവച്ചു. ജർമ്മനിയിലെ ഹാംബർഗ് വിമാനത്താവളമാണ് തിങ്കളാഴ്ച വിമാനങ്ങളുടെ പ്രവർത്തനം നിർത്തിവച്ചത്. ഇമെയിൽ വഴി ലഭിച്ച ഭീഷണി മുന്നറിയിപ്പിനെ തുടർന്ന് ഇറാനിൽ നിന്നും എത്തിയിട്ടുള്ള വിമാനത്തിലും വിമാനത്താവളത്തിന്റെ പരിസരപ്രദേശങ്ങളിലും പോലീസ് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.
ഇറാനിലെ ടെഹ്‌റാനിൽ നിന്നുള്ള വിമാനത്തിന് നേരെ ആക്രമണം ഉണ്ടാകുമെന്ന ഭീഷണിയെത്തുടർന്ന് വിമാനങ്ങൾ നിർത്തിവെച്ചതായി ജർമ്മൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് ഇറാൻ വിമാനത്തിന് നേരെ ആക്രമണം നടത്തുമെന്ന് ഫെഡറൽ പോലീസിന് ഇമെയിൽ വഴി ഭീഷണി ലഭിച്ചത്. തുടർന്ന് പോലീസ് വിമാനത്തിൽ തിരച്ചിൽ നടത്തുകയും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
ഇസ്രായേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിൽ ഇറാന് വലിയ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. ഹമാസ് ഭീകരർ ഇസ്രായേലിൽ നിന്നും ജർമ്മൻ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ജർമൻ ചാൻസലർ ഒലാഫ് ഷോൾസും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഹാംബർഗിൽ വെച്ച് ജർമ്മൻ, ഫ്രഞ്ച് സർക്കാരുകളുടെ പ്രത്യേക യോഗം നടത്തുകയാണ്. ഇതേ ദിവസമാണ് ഇറാൻ വിമാനത്തിനെതിരെ ഭീഷണി ഉയർന്നത് എന്നുള്ളതിനാൽ കനത്ത സുരക്ഷാ പരിശോധനയാണ് ഹാംബർഗിൽ നടക്കുന്നത്.
Discussion about this post