ലണ്ടൻ: കശ്മീരുമായി ബന്ധപ്പെട്ട് ബ്രിട്ടണിലെ പാർലമെന്റിൽ അവതരിപ്പിച്ച പ്രമേയം തള്ളി ലേബർ പാർട്ടി. ലിവർപൂളിൽ നടന്ന വാർഷിക സമ്മേളനത്തിലായിരുന്നു സിഎൽപി ( ബ്രിമിംഗ്ഹാം ഹോഡ്ജ് ഹിൽ കോൺസിസ്റ്റുവൻസി ലേബർ പാർട്ടി) മുന്നോട്ടുവച്ച പ്രമേയം ലേബർപാർട്ടി തള്ളിയത്. കശ്മീരിലെ അക്രമങ്ങളും അവകാശ ലംഘനവും എന്ന പേരിലായിരുന്നു പ്രമേയം.
കശ്മീർ വിഷയത്തിൽ ഇടപെടൽ ക്ഷണിച്ചുകൊണ്ടായിരുന്നു സിഎൽപി പ്രമേയം പാസാക്കിയത്. കശ്മീരുമായി ബന്ധപ്പെട്ടുള്ള ഐക്യരാഷ്ട്ര സഭയുടെ എല്ലാ പരാമർശങ്ങളും തീരുമാനങ്ങളും തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് സിഎൽപി പ്രമേയത്തിൽ പറയുന്നു. വിഷയത്തിലേക്ക് ലേബർപാർട്ടിയുടെ ശ്രദ്ധ ക്ഷണിക്കുന്നു. കശ്മീരിലെ ജനങ്ങളുടെ അവകാശം ഉറപ്പുവരുത്തേണ്ടത് അന്താരാഷ്ട്ര സമൂഹം ആണെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയും പാകിസ്താനും തമ്മിൽ തുടരുന്ന തർക്കങ്ങൾ പരിഹരിക്കാൻ ലേബർ പാർട്ടി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. കശ്മീരിലെ ജനങ്ങൾ വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് നേരിടുന്നത്. മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംസാരിക്കാൻ നാം നാണിക്കേണ്ടതില്ലെന്നും പ്രമേയത്തിലുണ്ട്.
എന്നാൽ പ്രമേയം വോട്ടെടുപ്പിന് വച്ചപ്പോൾ സിഎൽപി മാത്രമാണ് പിന്തുണച്ചത്. 1408 സിഎൽപി അംഗങ്ങൾ വോട്ട് ചെയ്തപ്പോൾ ബാക്കി എല്ലാവരും എതിർത്തു. ഇതോടെ പ്രമേയം തള്ളിപ്പോകുകയായിരുന്നു. 2019 ലും സമാനമായ രീതിയിൽ കശ്മീർ വിഷയം സംബന്ധിച്ച് സിഎൽപി പ്രമേയം കൊണ്ടുവന്നിരുന്നു. എന്നാൽ ഫലം കണ്ടില്ല. 38 ശതമാനവും പാക് വംശജർ ഉൾപ്പെടുന്ന പാർട്ടിയാണ് സിഎൽപി.
Discussion about this post