ജറുസലേം: നോവ ഫെസ്റ്റിവലിനിടെ ഹമാസ് ഭീകരർ നടത്തിയ ക്രൂരതയുടെ വിവരങ്ങൾ പുറത്ത്. സൈനിക വേഷം ധരിച്ചായിരുന്നു ഭീകരർ വേദിയിലേക്ക് ഇരച്ചെത്തിയത് എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സ്ഥലത്ത് നിന്നും 260 മൃതദേഹങ്ങൾ കണ്ടെത്തിയതായി റെസ്‌ക്യൂ ഏജൻസിയായ സാകയും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആയിരുന്നു സൂപ്പർ നോവ ഫെസ്റ്റിവൽ. നിരവധി പേരായിരുന്നു ഫെസ്റ്റിവലിൽ പങ്കെടുക്കാൻ നാനാഭാഗത്ത് നിന്നും എത്തിയത്. എന്നാൽ ഹമാസ് ഭീകരർ എത്തിയതോടെ സന്തോഷത്തിന്റെ വേദി നിമിഷങ്ങൾ കൊണ്ട് ചോരക്കളം ആകുകയായിരുന്നു.
പരിപാടി ആരംഭിക്കാനിരിക്കെയായിരുന്നു ഭീകരർ എത്തിയത്. ഇതിന് മുന്നോടിയായി അപായ സൂചനയെന്നോണം വെടിയൊച്ച കേട്ടു. ഇതോടെ സംഘാടകർ വൈദ്യുതി ഓഫാക്കി. ഇതിന് തൊട്ട് പിന്നാലെ വാഹനങ്ങളിൽ ഹമാസ് ഭീകരർ ഇരച്ച് എത്തുകയായിരുന്നു. വാനുകളിൽ സൈനിക വേഷം ധരിച്ചായിരുന്നു ഇവർ എത്തിയത്. ഉടനെ കണ്ടവർക്ക് നേരെ വെടിയുതിർത്തു. പ്രാണരക്ഷാർത്ഥം ആളുകൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്‌നിപ്പർ റൈഫിളുകളും കനത്ത പീരങ്കികളും കൊണ്ടായിരുന്നു ആക്രമണം. ഇതിന് ശേഷം ഹമാസ് ഭീകരർ വീടുകൾ കയറി വെടിയുതിർത്തു. ഇസ്രായേൽ സൈനികർ എത്തിയാണ് ആക്രമണം ചെറുത്തത്. ഇതിനിടെ ഇസ്രായേൽ സൈനികർക്ക് പരിക്കേറ്റിരുന്നു. എന്നാൽ അപ്പോഴേയ്ക്കും വേദി മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞു.
Discussion about this post