ന്യൂഡൽഹി: സംഘർഷഭൂമിയിൽ നിന്ന് സുരക്ഷിതമായി തിരിച്ചെത്തിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറഞ്ഞ് ഇസ്രായേലിൽ നിന്ന് മടങ്ങിയെത്തിയവർ. ഇന്ന് രാവിലെയാണ് 212 ഇന്ത്യക്കാരെ ഇസ്രായേലിൽ നിന്ന് ഓപ്പറേഷൻ അജയ് യുടെ ഭാഗമായി പ്രത്യേക ചാർട്ടർ വിമാനത്തിൽ തിരിച്ചെത്തിച്ചത്.
ആദ്യമായാണ് ഇസ്രായേലിൽ ഇത്തരം അനുഭവം നേരിടേണ്ടി വന്നതെന്ന് തിരിച്ചെത്തിയവർ പറഞ്ഞു. സംഘർഷൂഭൂമിയിൽ നിന്നും തങ്ങളെ സുരക്ഷിതമായി തിരിച്ചെത്തിച്ച ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി പറയുന്നു. എത്രയും വേഗം പ്രശ്‌നങ്ങൾ അവസാനിച്ച് സമാധാനത്തിലേക്ക് മടങ്ങുമെന്നും തിരിച്ചുപോയി ജോലിയിൽ പ്രവേശിക്കാനാകുമെന്നും അവർ പ്രതീക്ഷ പ്രകടിപ്പിച്ചു.
അഞ്ച് വയസുളള കുഞ്ഞുമായി പോലും തിരിച്ചെത്തിയവർ സംഘത്തിലുണ്ടായിരുന്നു. മകനെ ഓർത്താണ് തിരിച്ചെത്തിയതെന്ന് കാർഷിക മേഖലയിൽ ഗവേഷണ പഠനത്തിനായി ഇസ്രായേലിലേക്ക് പോയ ഇവർ പറഞ്ഞു. ഹമാസിന്റെ ആക്രമണം തുടങ്ങിയ ദിവസം മുതലുളള ഭീതിജനകമായ അന്തരീക്ഷവും ഇവർ മാദ്ധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ചു.
ഗാസയുടെ അതിർത്തി ഭേദിച്ച് ഹമാസ് ഭീകരരെത്തിയ രാവിലെ നിർത്താതെ മുഴങ്ങിയ സൈറനുകൾ കേട്ടാണ് ഉണർന്നത്. രാവിലെ 6.30 ന് ഉണർന്നെണീക്കുമ്പോൾ കേൾക്കുന്നത് ആ സൈറനുകളാണ്. രണ്ട് വർഷമായി ഇസ്രായേലിൽ താമസിക്കുന്നു. പക്ഷെ ഇത്തരം ഒരു സാഹചര്യം ആദ്യമായിട്ടാണ് കാണുന്നത്. ഭയന്ന് ഷെൽറ്റർ സ്‌പേസിലേക്ക് മാറുകയായിരുന്നുവെന്നും ഇവർ പറഞ്ഞു.
ടെൽ അവീവിലെ ഇന്ത്യൻ എംബസിയും നല്ല സഹായമാണ് നൽകിയതെന്ന് തിരിച്ചെത്തിയവർ പറഞ്ഞു. സംഘർഷം തുടങ്ങി രണ്ടാം ദിനം മുതൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും വാട്‌സ്ആപ്പ് ഉൾപ്പെടെയുളള സമൂഹമാദ്ധ്യമങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് ഇത് സാദ്ധ്യമാക്കിയതെന്നും തിരിച്ചെത്തിയവർ പറഞ്ഞു.
Discussion about this post