ന്യൂഡൽഹി: ഭീകരവാദം എവിടെ ആയാലും ഏത് രൂപത്തിലായാലും മനുഷ്യത്വത്തിന് എതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിൽ ഒൻപതാമത് ജി 20 പാർലമെന്ററി സ്പീക്കർമാരുടെ (പി 20) ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദത്തിന്റെ നിർവ്വചനത്തിൽ ഇതുവരെ ഒരു അഭിപ്രായ ഐക്യം ഉണ്ടായിട്ടില്ല. മനുഷ്യവർഗത്തിന്റെ ശത്രുക്കൾ മുതലെടുക്കുന്നതും ഈ സമീപനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അതിർത്തി കടന്നുളള തീവ്രവാദം വർഷങ്ങളായി നേരിടുന്ന രാജ്യമാണ് ഇന്ത്യ. 20 വർഷങ്ങൾക്ക് മുൻപ് നമ്മുടെ പാർലമെന്റ് നടന്നുകൊണ്ടിരുന്നപ്പോൾ പോലും അവിടം ഭീകരവാദികൾ ലക്ഷ്യം വെച്ചു. മനുഷ്യകുലത്തിനും ലോകത്തിനും എത്രത്തോളം വെല്ലുവിളിയാണ് ഭീകരവാദമെന്ന് ലോകം ഇന്ന് മനസിലാക്കുന്നു.
ഭീകരവാദത്തിനെതിരെ എങ്ങനെ പോരാടാമെന്ന് ഓരോ രാജ്യത്തെയും നിയമനിർമാണ സഭകളും അവിടുത്തെ പ്രതിനിധികളും ചിന്തിക്കേണ്ട സമയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സംവാദത്തിനും ചർച്ചകൾക്കും നിർണായക വേദിയാണ് നിയമ നിർമാണ സഭകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങളുടെ ശക്തി ആഘോഷിക്കാനുളള വേദിയാണ് പി 20 ഉച്ചകോടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇസ്രായേൽ ജനതയ്ക്ക് മേൽ ഹമാസ് ഭീകരർ നടത്തിയ ക്രൂരതയെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഈ പ്രശ്‌നത്തിൽ ഇസ്രായേലിനൊപ്പം ഉറച്ചുനിൽക്കുകയാണെന്നും ഭീകരവാദം എവിടെ ആയാലും ശക്തമായി എതിർക്കുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസിനും പലസ്തീനും അനുകൂല നിലപാടാണ് രാജ്യത്തെ ഇടതുപക്ഷ പാർട്ടികൾ ഉൾപ്പെടെ സ്വീകരിക്കുന്നത്. ഇസ്രായേലിനെ പിന്തുണയ്ക്കാനുളള തീരുമാനത്തെയും ഇവർ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലപാടിൽ മാറ്റമില്ലെന്ന് ആവർത്തിക്കുക കൂടിയായിരുന്നു പ്രധാനമന്ത്രി.
Discussion about this post