ജെറുസലേം: ഗാസയിലെ ആരോഗ്യസംവിധാനത്തെ കുറിച്ച് ആശങ്കപ്പെട്ട് ലോകാരോഗ്യ സംഘനയുടെ മുന്നറിയിപ്പ്. ഗാസയിലെ ആരോഗ്യസംവിധാനം താമസിയാതെ നിശ്ചലമാകുമെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഗാസയിലേക്കുള്ള വൈദ്യുതി, ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യവിഭവങ്ങളുടെ വിതരണത്തിൽ ഇസ്രായേൽ ഉപരോധമേർപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോൾ ഗാസയിലെ ആരോഗ്യകേന്ദ്രങ്ങൾ ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കത്താണെന്നാണ് ലോകാരോഗ്യ സംഘനയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ആശുപത്രികളിൽ ഏതാനും മണിക്കൂറുകൾ മാത്രമാണ് വൈദ്യുതി അനുവദിച്ചിരിക്കുന്നത്, കരുതൽ ഇന്ധനശേഖരം തീർന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി വിതണത്തിൽ റേഷനിങ് ഏർപ്പെടുത്തിയിരിക്കുകയാണ്. അത്യാഹിത സംവിധാനങ്ങൾക്കുവേണ്ടി ജനറേറ്ററുകൾ ഉപയോഗിക്കുന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത്യാഹിതവിഭാഗമുൾപ്പെടെയുള്ളവയുടെ പ്രവർത്തനം നിലയ്ക്കുമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടി.
ആരോഗ്യമേഖലയിലേക്കുള്ള ചികിത്സാ ഉപകരണങ്ങളുടേയും മരുന്നുകളുടേയും വിതരണം, ഭക്ഷണം, ശുദ്ധജലം, മറ്റ് വിഭവങ്ങൾ എന്നിവ അടിയന്തരമായി ഗാസയിലെത്തിയില്ലെങ്കിൽ ജനങ്ങൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കാൻ സാധിക്കുകയില്ലെന്നും നഷ്ടമാകുന്ന ഓരോ നിമിഷവും കൂടുതൽ ജീവനുകളെ പ്രതിസന്ധിയിലാക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി.
24 മണിക്കൂറിനുള്ളിൽ ഗാസയിൽ നിന്ന് ഒഴിയാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് യുഎന്നിനോട് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.. തെക്കൻ പ്രദേശത്തേക്ക് ഒഴിഞ്ഞ് പോകണമെന്നാണ് മുന്നറിയിപ്പ്. എന്നാൽ മനുഷ്യകവചങ്ങൾ നഷ്ടമാകുമെന്ന ഭയത്തെ തുടർന്ന് ഗാസയിലെ ജനങ്ങൾ വീടുകളിൽ തുടരണമെന്നാണ് ഹമാസ് ഭീകരർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Discussion about this post