ശ്രീനഗർ: പൂഞ്ചിൽ മരിച്ച അഗ്നിവീർ അമൃത്പാൽ സിംഗിന്റെ സംസ്‌കാരത്തിന് ഗാർഡ് ഓഫ് ഓണർ നൽകിയില്ലെന്ന വിവാദത്തിൽ നിലപാട് വ്യക്തമാക്കി സൈന്യം. അമൃത്പാൽ സിംഗ് സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നും അത്തരം മരണങ്ങളിൽ സംസ്‌കാരചടങ്ങുകളിൽ ഗാർഡ് ഓണർ നൽകാറില്ലെന്നും സൈന്യം വിശദീകരിച്ചു.
ഇത്തരം കേസുകളിൽ മെഡിക്കൽ, നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം സൈന്യത്തിന്റെ തന്നെ പൂർണ ഉത്തരവാദിത്വത്തിൽ ഭൗതികദേഹം ജൻമനാട്ടിൽ എത്തിക്കും. എന്നാൽ സംസ്‌കാര ചടങ്ങുകളിൽ ഗാർഡ് ഓഫ് ഓണർ നൽകാറില്ല. 2001 മുതലുളള കണക്ക് അനുസരിച്ച് വർഷം തോറും 100 -140 സൈനികരെ ഇങ്ങനെ നഷ്ടപ്പെടാറുണ്ട്. എല്ലാ കേസുകളിലും ഒരേപോലുളള സമീപനമാണ് സ്വീകരിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി. ഇവർക്കുളള മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളിൽ യാതൊരു മുടക്കവും വരുത്താറില്ലെന്നും കൃത്യമായ പ്രോട്ടോകോൾ അനുസരിച്ചാണ് നടപടികൾ സ്വീകരിക്കുന്നതെന്നും സൈന്യം വിശദീകരിച്ചു.
ആം ആദ്മി പാർട്ടിയാണ് വിവാദത്തിന് തിരി കൊളുത്തിയത്. അമൃത്പാൽ സിംഗിന്റെ കുടുംബത്തിന് പെൻഷന് പോലും അർഹതയില്ലെന്നും വീരമൃത്യു വരിച്ചവർക്കുളള അവസാന സല്യൂട്ട് പോലും നിഷേധിക്കുകയാണെന്നുമായിരുന്നു എഎപി നേതാവ് രാഘവ് ഛദ്ദയുടെ ആരോപണം. അഗ്നിപഥ് പദ്ധതി നിലവിൽ വന്നതിന് മുൻപും ശേഷം സൈന്യത്തിൽ ചേരുന്നവരോട് മറ്റൊരു സമീപനമാണ് സ്വീകരിക്കുന്നതെന്നും രാഘവ് ഛദ്ദ ആരോപിച്ചിരുന്നു.
ബുധനാഴ്ചയാണ് പൂഞ്ച് സെക്ടറിൽ ജോലിക്ക് നിയോഗിക്കപ്പെട്ട അമൃത്പാൽ സിംഗ് മരിച്ചത്. സൈന്യത്തിന്റെ ജമ്മു ആന്റ് കശ്മീർ റൈഫിൾസ് യൂണിറ്റിനൊപ്പമായിരുന്നു അമൃത്പാൽ സിംഗ് സേവനമനുഷ്ഠിച്ചിരുന്നത്. വെളളിയാഴ്ച ഇയാളുടെ സ്വദേശമായ പഞ്ചാബിലെ മാൻസയിൽ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗാർഡ് ഓഫ് ഓണർ നൽകാത്തതുമായി ബന്ധപ്പെട്ട വിവാദം തലപൊക്കിയത്.
സംഭവം രാഷ്ട്രീയ വിവാദമാക്കിയതോടെയാണ് സൈന്യം ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. അമൃത്പാൽ സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിക്കപ്പെടുന്ന വസ്തുതകളാണ് പ്രചരിക്കപ്പെടുന്നത് എന്ന് സൈന്യം ചൂണ്ടിക്കാട്ടി. അഗ്നിപഥ് പദ്ധതി നിലവിൽ വന്നതിന് മുൻപും ശേഷവും നടക്കുന്ന റിക്രൂട്ട്‌മെന്റുകളിൽ യാതൊരു വേർതിരിവും കാണിച്ചിട്ടില്ലെന്നും അഗ്നിപഥ് പദ്ധതിയിൽ റിക്രൂട്ട് ചെയ്യപ്പെടുന്നവരെയെല്ലാം നാല് വർഷത്തേക്കാണ് നിയമിക്കുന്നതെന്നും സൈന്യം വ്യക്തമാക്കി.
അമൃത് പാൽ സിംഗിന്റെ മരണം കുടുംബത്തിനും ഇന്ത്യൻ സൈന്യത്തിനും തീരാനഷ്ടമാണെന്ന് പറഞ്ഞുകൊണ്ടാണ് സൈന്യം വിശദീകരണം നൽകിയത്.
Discussion about this post