കൊച്ചി: ഇടതുസർക്കാരിന്റെ രാഷ്ട്രീയ പൊളളത്തരം തുറന്നുകാട്ടാൻ ഒരുങ്ങി എൻഡിഎ. ഒക്ടോബർ 30 ന് ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഉപരോധം അടക്കമുളള പരിപാടികളാണ് ഇതിന്റെ ഭാഗമായി നടത്തുക. കൊച്ചിയിൽ ചേർന്ന എൻഡിഎ നേതൃയോഗത്തിലാണ് തീരുമാനം.
കെഎസ്ആർടിസി വിളിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ കാണാൻ ഇറങ്ങുന്നതിന്റെ മറുപടിയായി നവംബറിൽ 2000 പ്രചാരണ യോഗങ്ങൾ നടത്താനും തീരുമാനിച്ചു. സർക്കാരിന്റെ പൊളളത്തരം വിശദീകരിക്കാനും കേന്ദ്രസർക്കാരിന്റെ ധനസഹായം കൊണ്ട് മാത്രമാണ് ട്രഷറി പൂട്ടിപ്പോകാതെ നിലനിൽക്കുന്നതെന്ന സത്യം ജനങ്ങളെ ബോധിപ്പിക്കാനുമാണ് പരിപാടിയെന്ന് തീരുമാനങ്ങൾ വിശദീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.
നവംബർ 10 മുതൽ 30 വരെ പഞ്ചായത്ത് കേന്ദ്രങ്ങൾ, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തുടങ്ങിയ പ്രധാനകേന്ദ്രങ്ങളിൽ പ്രകടനവും പൊതുസമ്മേളനവും നടത്തും. ജനങ്ങളെ നേരിട്ട് കണ്ട് വിപുലമായ പ്രചാരണ യോഗങ്ങളാണ് സംഘടിപ്പിക്കുകയെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനജാഗരണ പദയാത്ര ഡിസംബർ അവസാനം മുതൽ ആരംഭിക്കും. പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ എൻഡിഎ നേതാക്കളുടെ സംസ്ഥാനതല ശിൽപശാല ചേർത്തലയിൽ നവംബർ ആറിന് നടക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
വനിതാ, യുവജന സംഘടനകൾ ഉൾപ്പെടെ മുന്നണിയിലെ ഘടകകക്ഷികളുടെ പോഷക സംഘടനകളുമായുളള ഏകോപനവും ശക്തമാക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച്
ആലോചനകൾ നടന്നതായി കെ സുരേന്ദ്രൻ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ചുളള അനൗപചാരിക ചർച്ചകൾ നടന്നു. എല്ലാ കക്ഷികളുമായുളള ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ഡൽഹിയിൽ കേന്ദ്ര നേതൃത്വവുമായും ആശയവിനിമയം നടത്തിയാണ് തീരുമാനമെടുക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപേ ചില കക്ഷികളെ ചേർക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടുണ്ട്. അന്തിമ തീരുമാനമായിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. ബഹുജന അടിത്തറ വിപുലപ്പെടുത്താനുളള ക്രിയാത്മക ചർച്ചകൾക്ക് യോഗം തീരുമാനിച്ചിട്ടുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തുഷാർ വെളളാപ്പളളി, സികെ ജാനു, പികെ കൃഷ്ണദാസ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post