ജറുസലേം: ഹമാസിന്റെ ആക്രമണം ചെറുക്കാൻ പുതിയ പ്രതിരോധ സംവിധാനം വിന്യസിക്കാൻ തീരുമാനിച്ച് ഇസ്രായേൽ. ആകാശമാർഗ്ഗമുള്ള ആക്രമണങ്ങളെ ചെറുക്കുന്ന അയൺ ബീം സ്ഥാപിക്കാനാണ് തീരുമാനം. ഹമാസിനെതിരായ പോരാട്ടം കടുപ്പിച്ച സാഹചര്യത്തിലാണ് അതിർത്തിയിൽ അയൺ ബീം സ്ഥാപിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനം.
വ്യോമാക്രമണത്തെ ഫലപ്രദമായി ചെറുക്കാൻ കഴിയുന്ന അയൺ ബീമുകൾ അടുത്ത വർഷത്തോടെ അതിർത്തിയിൽ വിന്യസിക്കാൻ ആയിരുന്നു ഇസ്രായേൽ പ്രതിരോധ സേന നിശ്ചയിച്ചിരുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിൽ മാറ്റം വരുത്തുകയായിരുന്നു. ഉടൻ തന്നെ ഇവ വിന്യസിക്കാനാണ് തീരുമാനം.
2014 ലാണ് അയൺ ബീം പ്രതിരോധ സേനയുടെ ഭാഗം ആയത്. റഫേൽ അഡ്വാൻസ് സിസ്റ്റം ആണ് ഇതിന്റെ നിർമ്മാതാക്കൾ. ശക്തിയേറിയ പ്രകാശ ബീമുകൾ കൊണ്ടാണ് ഇവ ശത്രുക്കളുടെ നേരിടുക. നിലവിൽ അയൺ ഡോം ഉപയോഗിച്ചാണ് ഇസ്രായേൽ വ്യോമാക്രമണങ്ങൾ പ്രതിരോധിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതിന് ചില പോരായ്മകൾ ഉണ്ടെന്നാണ് വിവരം. ഇതേ തുടർന്നാണ് അയൺ ബീം ഉടനെ വിന്യസിക്കാൻ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി ചില പരീക്ഷണങ്ങൾ പൂർത്തിയാക്കാനുണ്ട്. ഇവ ദ്രുതഗതിയിൽ പൂർത്തിയാക്കുകയാണെന്നാണ് വിവരം.










