ന്യൂഡൽഹി: 26 ആഴ്ച വളർച്ചയെത്തിയ ഗർഭം അലസിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. യുവതിയുടെ ജീവന് അപകടമില്ലാത്ത പക്ഷം ഗർഭാവസ്ഥയുടെ ഈ ഘട്ടത്തിൽ ഗർഭച്ഛിദ്രം നടത്താനുള്ള ഹർജി അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കോടതി നിർദ്ദേശിച്ച പരിശോധനയിൽ ഗർഭസ്ഥ ശിശുവിന് യാതൊരു വിധത്തിലും ഉള്ള വൈകല്യങ്ങൾ ഇല്ലെന്നും യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഇല്ലെന്നും ഡൽഹി എയിംസ് ആശുപത്രി റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് പ്രകാരം യുവതിയ്ക്ക് പോസ്റ്റ് പാർട്ടം സൈക്കോസിസ് ഉണ്ടെങ്കിലും ഗർഭാവസ്ഥ തുടരുന്നതിൽ പ്രശ്നമില്ല. എന്നാൽ കഴിക്കുന്ന മരുന്നുകൾ കുട്ടിയെ ദോഷകരമായി ബാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹർജി തള്ളിയത്. ഹൃദയമിടിപ്പ് നിശ്ചലമാക്കാൻ കോടതിയ്ക്ക് സാധ്യമല്ലെന്ന് ജസ്റ്റിസ് വ്യക്തമാക്കുകയായിരുന്നു.
എന്നാൽ കുട്ടിയെ ദത്തെടുക്കാൻ വിട്ടുകൊടുക്കണമോയെന്ന കാര്യത്തിൽ യുവതിയുടെ മാതാപിതാക്കൾക്ക് തീരുമാനമെടുക്കാമെന്നും, യുവതിക്ക് എയിംസിൽ ചികിത്സ നൽകുമെന്നും കോടതി വ്യക്തമാക്കി.
യുവതിയുടെ എല്ലാ ചികിത്സാ ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കാനും നിർദേശിച്ചിട്ടുണ്ട്.
പോസ്റ്റ് പാർട്ടം സൈക്കോസിസ് ഉള്ളതിനാൽ ഗർഭം അവസാനിപ്പിക്കണമെന്നാണ് യുവതി ഹർജിയിൽ ആവശ്യപ്പെട്ടത്.യുവതിയുടെ ഹർജി പരിഗണിച്ച കോടതി ഒക്ടോബർ ഒമ്പതിന് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ വിദഗ്ധസംഘത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിക്കുകയും ഹർജി വീണ്ടും കോടതിയുടെ പരിഗണനയ്ക്ക് വരികയും ചെയ്തു.തുടർന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ ഭിന്നവിധി പുറപ്പെടുവിക്കുകയും വിഷയം ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് വിടുകയും ചെയ്യുകയായിരുന്നു.
Discussion about this post