ടെല്‍ അവീവ് : കാണാതായ മകളെ തേടിയെത്തിയ പിതാവിന് ഒടുവില്‍ കണ്ടെത്താനായത് അവളുടെ മൃതദേഹം. ദിവസങ്ങല്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആപ്പിള്‍ വാച്ചില്‍ നിന്ന് ലൊക്കേഷന്‍ ട്രേസ് ചെയ്ത് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അമേരിക്കന്‍ വ്യവസായിയായ ഇയാല്‍ വാല്‍ഡ് മാന്റെ മകള്‍ 24 കാരിയായ ഡാനിയേല്‍ലാണ് ഹമാസിന്റെ അതിര്‍ത്തി കടന്നുള്ള ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത്.
നോവാ മ്യൂസിക്കല്‍ ഫെസ്റ്റിവലിന് പങ്കെടുക്കാനാണ് ഡാനിയേലും കാമുകന്‍ നോം ഷായിയും എത്തിയത്. ഇവരോടൊപ്പം മറ്റ് മൂന്നു സുഹൃത്തുക്കളുമുണ്ടായിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഹമാസ് ഭീകരര്‍ ഫെസ്റ്റിവല്‍ ആക്രമിക്കുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. ഭീകരരില്‍ നിന്ന് കാറില്‍ കയറി രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഡാനിയേലും കാമുകനും സുഹൃത്തുക്കളും വധിക്കപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എല്ലാ വശത്തു നിന്നും വളഞ്ഞാണ് ഭീകരര്‍ നിറയൊഴിച്ചിരിക്കുന്നതെന്ന് ഡാനിയേലിന്റെ പിതാവ് പറയുന്നു.
മകള്‍ കാണാതായെന്ന് അറിഞ്ഞ് അമേരിക്കയില്‍ നിന്നും എത്തിയതാണ് അദ്ദേഹം. തന്റെ ആപ്പിള്‍ വാച്ചിലെ ലൊക്കേഷനും മകളുടെ ഫോണിലെ ലൊക്കേഷനും ബന്ധിപ്പിച്ചാണ് തിരച്ചില്‍ നടത്തിയതെന്ന് വാല്‍ഡ്മാന്‍ പറഞ്ഞു. മകളെ ആരോ തട്ടിക്കൊണ്ടുപോയി എന്നാണ് ആദ്യം കരുതിയത്. അതിന് ശേഷമാണ് മരിച്ചവരില്‍ രണ്ടുപേര്‍ തന്റെ മകളും കാമുകനുമായ നോം ഷായിയാണ് എന്ന് സ്ഥിരീകരിച്ചതെന്നും വാല്‍ഡ്മാന്‍ വ്യക്തമാക്കി.
ആക്രമണ സമയത്ത് ഡാനിയേല്‍ നടത്തിയ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്താനായത്. വ്യവസായിയും കംപ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ഉല്‍പ്പന്നമായ മെല്ലനോക്‌സിന്റെ സ്ഥാപകനുമാണ് ഇയാല്‍ വാല്‍ഡ്മാന്‍. ഡാനിയേല്‍ കൊല്ലപ്പെടുന്നതിന് മണിക്കൂറൂകള്‍ മുന്‍പ് താന്‍ മകളുമായി സംസാരിച്ചിരുന്നുവെന്നും വാല്‍ഡ്മാന്‍ പറഞ്ഞു. മകളും കാമുകനും ഉടന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും അതിനിടയ്ക്കാണ് വലിയ ദുരന്തം തേടിയെത്തിയതെന്നും അദ്ദേഹം പറഞ്ഞു
നോവാ മ്യൂസിക്കല്‍ ഫെസ്റ്റിവലില്‍ നടന്ന ആക്രമണത്തില്‍ 260 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ ഇപ്പോഴും ഹമാസിന്റെ ബന്ദികളായി തുടരുന്നുമുണ്ട്.
Discussion about this post