ധർമശാല: നന്നായി തുടങ്ങിയ ശേഷം ഐസിസി ടൂർണമെന്റുകളിൽ പടിക്കൽ കലമുടയ്ക്കുന്ന പതിവുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. ഈ ലോകകപ്പിൽ കഴിഞ്ഞ ദിവസം ധർമശാലയിൽ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ നെതർലൻഡ്സിനെതിരായ ദക്ഷിണാഫ്രിക്കയുടെ ഞെട്ടിക്കുന്ന തോൽവി ആരാധകരുടെ മനസിൽ ഒട്ടും സുഖകരമല്ലാത്ത ഓർമകളാണ് ഉണർത്തുന്നത്. ആദ്യ മത്സരങ്ങളിൽ ശ്രീലങ്കയെയും ഓസ്ട്രേലിയയെയും ആധികാരികമായി വീഴ്ത്തിയ ശേഷമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അപ്രതീക്ഷിത പരാജയം.
ധർമശാലയിലെ ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 38 റൺസിനായിരുന്നു പ്രോട്ടിയസിനെതിരായ ഡച്ച് പടയുടെ വിജയം. കഴിഞ്ഞ ട്വന്റി 20 ലോകകപ്പിലും ദക്ഷിണാഫ്രിക്കയുടെ വഴി മുടക്കിയ ടീമായിരുന്നു നെതർലൻഡ്സ്. അന്ന് അഡ്ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ നെതർലൻഡ്സ് , ടൂർണമെന്റിൽ പാകിസ്താന് സമ്മാനിച്ചത് അപ്രതീക്ഷിത മേൽക്കൈ ആയിരുന്നു.
ധർമശാലയിൽ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിന് തടയിട്ടത് ദക്ഷിണാഫ്രിക്കയിൽ ജനിച്ച അഞ്ച് കളിക്കാരായിരുന്നു എന്നതാണ് ഏറ്റവും വലിയ കൗതുകം. റൗൾഫ് വാൻഡെർ മെർവ്, സിബ്രാൻഡ് ഏംഗൽബ്രെഷ്ട്, വെസ്ലി ബരേസി, കോളിൻ അക്കെർമാൻ, റയാൻ ക്ലെയ്ൻ എന്നിവരാണ് ഈ കളിക്കാർ.
ഇവരിൽ പ്രോട്ടിയസ് ആരാധകർ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത പേരാണ് വാൻഡർ മെർവിന്റേത്. മുൻപ് ദക്ഷിണാഫ്രിക്കക്ക് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ടുള്ള താരമാണ് ഇദ്ദേഹം. രണ്ട് രാജ്യങ്ങളെ അന്താരാഷ്ട്ര ഏകദിനങ്ങളിൽ പ്രതിനിധീകരിച്ച 15 താരങ്ങളിൽ പ്രമുഖനാണ് വാൻഡർ മെർവ്. 2009-2010 കാലഘട്ടത്തിൽ 13 വീതം ഏകദിനങ്ങളിലും ട്വന്റി 20 മത്സരങ്ങളിലും അദ്ദേഹം ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങി. ഇതിഹാസ താരം ജാക്ക് കാലിസിനൊപ്പം കളിച്ച അദ്ദേഹം ദക്ഷിണാഫ്രിക്കക്ക് വേണ്ടി അവസാനമായി കളിച്ചത് ഡേവിഡ് മില്ലറുടെ അരങ്ങേറ്റ മത്സരത്തിലായിരുന്നു.
പുതുമുഖ താരങ്ങളുടെ കടന്നുവരവോടെ ദക്ഷിണാഫ്രിക്കൻ ടീമിൽ അവസരങ്ങൾ കുറഞ്ഞ വാൻഡർ മെർവ് പിന്നീട് നെതർലൻഡ്സിലേക്ക് ചേക്കേറി. 2015ൽ അദ്ദേഹം ഡച്ച് പാസ്പോർട്ട് സംഘടിപ്പിച്ചു. അതേ വർഷം തന്നെ ട്വന്റി 20യിൽ നേപ്പാളിനെതിരെ നെതർലൻഡ്സിന് വേണ്ടി അരങ്ങേറിയ വാൻഡർ മെർവ്, 2016ലെ ട്വന്റി 20 ലോകകപ്പിനായി ഡച്ച് ടീമിനൊപ്പം ഇന്ത്യയിൽ എത്തി.
2019ൽ സിംബാബ്വെക്കെതിരെ വാൻഡർ മെർവ് നെതർലൻഡ്സിനായി ഏകദിന അരങ്ങേറ്റം നടത്തി. 2021, 2022 ട്വന്റി 20 ലോകകപ്പുകളിലും അദ്ദേഹം ഓറഞ്ച് ക്യാപ്പ് അണിഞ്ഞു.
ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വെസ്റ്റ് ഇൻഡീസിനെയും സിംബാബ്വെയെയും തകർത്ത ഡച്ച് ടീമിൽ വാൻഡർ മെർവ് കളിച്ചിരുന്നില്ല. എന്നാൽ, ഫൈനൽ റൗണ്ടിൽ ഡച്ച് ആക്രമണത്തിന്റെ കുന്തമുനയായ അദ്ദേഹം ദക്ഷിണാഫ്രിക്കക്കെതിരെ 19 പന്തിൽ 29 റൺസ് നേടുകയും 9 ഓവറിൽ 34 റൺസ് മാത്രം വഴങ്ങി ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമയുടെയും റസി വാൻഡർ ഡസന്റെയും വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ഇത് ഡച്ച് വിജയത്തിൽ നിർണായകമായി.
ഐപിഎൽ ആരാധകരുടെയും പ്രിയങ്കരനായ താരമാണ് വാൻഡർ മെർവ്. 2009-2010 കാലഘട്ടത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയും 2011-2013 കാലഘത്തിൽ ഡൽഹി ഡെയർഡെവിൾസിന് വേണ്ടിയും അദ്ദേഹം കളത്തിലിറങ്ങി.
Discussion about this post