കണ്ണൂർ: എബിവിപിയുടെ മെമ്പർഷിപ്പ് ക്യാമ്പെയ്ൻ നടത്തിയതിന്റെ പേരിൽ വിദ്യാർത്ഥിനിയെ ഒന്നര മണിക്കൂറോളം ഇരുട്ടുമുറിയിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ ഗുണ്ടകൾ. കണ്ണൂർ ഗവണ്മെന്റ് പോളിടെക്‌നിക് കോളജിലാണ് സംഭവം. വിഷയത്തിൽ എബിവിപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഈ ഗുണ്ടാസംഘത്തെ സംരക്ഷിക്കുന്ന നിലപാടാണ് പോളിടെക്‌നിക് പ്രിൻസിപ്പൽ സ്വീകരിക്കുന്നതെങ്കിൽ പ്രിൻസിപ്പാലിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എസ്എഫ്‌ഐ അക്രമത്തെ വിദ്യാർത്ഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും എബിവിപി ജില്ലാ പ്രസിഡന്റ് ജിബിൻ രാജ് പറഞ്ഞു.
ഒന്നാം വർഷ ടെക്‌സ്റ്റൈൽ ഡിപ്പാർട്ട്‌മെന്റ് വിദ്യാർത്ഥിനി കെ ആരാധനയെ ആണ് ഒന്നര മണിക്കൂറോളം പൂട്ടിയിട്ടത്. സംഭവത്തിൽ ആരാധന പ്രിൻസപ്പലിന് പരാതി നൽകിയിട്ടുണ്ട്. അസഭ്യവർഷം നടത്തിയ എസ്എഫ്‌ഐ സംഘം കൈയ്യിൽ കെട്ടിയ രാഖി അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഇതൊന്നും ഇവിടെ പറ്റില്ലെന്ന് ആയിരുന്നു മറുപടിയെന്ന് ആരാധന പറഞ്ഞു. ആരാധനയുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ച ശേഷമായിരുന്നു ഇരുട്ടുമുറിയിൽ അടച്ചിട്ടത്.
ശുചിമുറിയിൽ പോകാൻ പോലും അനുവദിച്ചില്ല. ക്യാമ്പസിന് അകത്ത് സംഘടനാ പ്രവർത്തനം നടത്തില്ലെന്ന് വെളളപ്പേപ്പറിൽ എഴുതി വാങ്ങാനുളള നീക്കവും നടത്തി. എസ്എഫ്‌ഐ പ്രവർത്തകരായ ആകാശ് ബാബു, അനുപ്രകാശ്, ശ്വാശ്വത്, മാനസ്, നിരഞ്ജന, ഗോപിക, സുകൃത എന്നിവർ ചേർന്നാണ് അക്രമം നടത്തിയത്.
വർഷങ്ങളായി ജനാധിപത്യഹത്യ നടക്കുന്ന ക്യാമ്പസ് ആണ് കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക് എന്നും ക്യാമ്പസിനകത്തേക്ക് മറ്റ് വിദ്യാർത്ഥി സംഘടനകൾ കടന്നുവരുമ്പോൾ ഏതു വിധേനയും ആക്രമിക്കുകയും യാതൊരു വിധത്തിലും പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ശൈലിയാണ് എസ്എഫ്‌ഐ തുടർന്ന് വരുന്നതെന്നും ജിബിൻ രാജ് പറഞ്ഞു. നാഴികക്ക് നാൽപതു വട്ടം സ്ത്രീ സുരക്ഷയെ പറ്റി പറയുകയും എന്നാൽ ഒരു സങ്കോചവും കൂടാതെ മെമ്പർഷിപ് പ്രവർത്തനം നടത്തിയതിന്റെ പേരിൽ പെൺകുട്ടിയെ കയ്യേറ്റം ചെയ്യുകയുമാണ് എസ്എഫ്‌ഐ ചെയ്തിരിക്കുന്നതെന്നും ജിബിൻ രാജ് ചൂണ്ടിക്കാട്ടി.
Discussion about this post