പൂനെ: ലോകകപ്പിൽ മൂന്നിൽ മൂന്ന് കളികളും ജയിച്ച് മിന്നുന്ന ഫോമിൽ തുടരുന്ന ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2.00 മണി മുതലാണ് മത്സരം. നിലവിലെ ഫോമും ഹോം ആനുകൂല്യവും കണക്കുകളും ഇന്ത്യക്ക് അനായാസ വിജയം പ്രവചിക്കുമ്പോൾ, പലപ്പോഴും ഇന്ത്യയെ അപ്രതീക്ഷിതമായ പ്രതിസന്ധികളിൽ അകപ്പെടുത്തിയിട്ടുള്ള ടീമാണ് ബംഗ്ലാദേശ് എന്നതും വസ്തുതയാണ്.
ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരങ്ങൾ വരുമ്പോൾ ഇന്ത്യൻ ആരാധകർ ഞെട്ടലോടെ ഓർമ്മിക്കുന്നത് 2007ൽ വെസ്റ്റ് ഇൻഡീസിൽ നടന്ന ടൂർണമെന്റാണ്. സച്ചിനും ഗാംഗുലിയും സെവാഗും ധോനിയും അടങ്ങുന്ന കരുത്തുറ്റ ബാറ്റിംഗ് നിരയും സഹീർ ഖാനും അജിത് അഗാർക്കറും ഹർഭജൻ സിംഗും കുംബ്ലെയും അടങ്ങുന്ന സന്തുലിതമായ ബൗളിംഗ് നിരയും യുവരാജ് സിംഗ് എന്ന കരുത്തനായ ഓൾ റൗണ്ടറും അടങ്ങുന്ന ഇന്ത്യൻ ടീമിനെ അന്ന് നയിച്ചത് രാഹുൽ ദ്രാവിഡായിരുന്നു. കിരീടം നേടാൻ മികച്ച സാദ്ധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആ ടീമിനെ എന്നാൽ ദുർബലരായ ബംഗ്ലാദേശ് അന്ന് അട്ടിമറിക്കുകയായിരുന്നു.
2007 ഏകദിന ലോകകപ്പിന്റെ ഭാഗധേയം തന്നെ മാറ്റിമറിച്ച, പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ഗ്രൂപ്പ് ബിയിലെ ആ മത്സരത്തിൽ 5 വിക്കറ്റിനായിരുന്നു ബംഗ്ലാദേശ് ഇന്ത്യയെ വീഴ്ത്തിയത്. കരുത്തന്മാർ അനവധി അണിനിരന്ന ഇന്ത്യൻ ബാറ്റിംഗ് നിരയെ ബംഗ്ലാദേശ് അന്ന് 191 റൺസിൽ എറിഞ്ഞിട്ടു. തമീം ഇക്ബാൽ, മുഷ്ഫിഖുർ റഹിം, ഷകീബ് അൽ ഹസൻ എന്നിവർ അർദ്ധ സെഞ്ച്വറികൾ നേടി ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചപ്പോൾ, ഇന്ത്യൻ ആരാധകർ കണ്ണീരണിഞ്ഞു.
തുടർന്ന് നടന്ന മത്സരത്തിൽ കുഞ്ഞന്മാരായ ബർമുഡയ്ക്കെതിരെ 400 റൺസിന് മുകളിൽ സ്കോർ ചെയ്ത് പടുകൂറ്റൻ ജയം നേടിയെങ്കിലും, ശ്രീലങ്കയ്ക്കെതിരെ കൂടി പരാജയപ്പെട്ടതോടെ, നോക്കൗട്ടിൽ കടക്കാതെ അന്ന് ഇന്ത്യ പുറത്തായി. ഇന്ത്യയെ ബംഗ്ലാദേശ് അട്ടിമറിച്ച അതേ ദിവസം തന്നെ അയർലൻഡ് പാകിസ്താനെയും വീഴ്ത്തി. പാകിസ്താനും ടൂർണമെന്റിൽ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായതോടെ, ആ ലോകകപ്പ് സാമ്പത്തികമായി വൻ പരാജയമായി. ടൂർണമെന്റിന്റെ സംപ്രേഷണാവകാശം സ്വന്തമാക്കിയ സോണി സ്പോർട്സ് നെറ്റ്വർക്ക് ഭീമമായ നഷ്ടം നേരിട്ടു.
എന്നാൽ ലോകകപ്പിൽ പിന്നീട് മൂന്ന് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോഴും വിജയം ഇന്ത്യക്കൊപ്പം നിന്നും. 2011 ലോകകപ്പിൽ ബംഗ്ലാദേശിൽ വെച്ച് ഇന്ത്യ കണക്ക് തീർത്തു. സെവാഗിന്റെയും കോഹ്ലിയുടെയും സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ അന്ന് തകർപ്പൻ ജയം നേടിയെങ്കിലും ബംഗ്ലാദേശ് മികച്ച പോരാട്ടവീര്യം പുറത്തെടുത്തു. 2015ലും 2019ലും രോഹിത് ശർമ്മയുടെ സെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ തകർത്തു.
ഇന്ത്യയും ബംഗ്ലാദേശും പരസ്പരം 40 ഏകദിന മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോൾ 31 തവണയും ഇന്ത്യ വിജയിച്ചു. 8 തവണ മാത്രമാണ് ബംഗ്ലാദേശിന് വിജയിക്കാനായിട്ടുള്ളത്. എന്നാൽ ഒടുവിൽ നടന്ന നാല് മത്സരങ്ങളിൽ മൂന്നിലും ബംഗ്ലാദേശായിരുന്നു വിജയിച്ചത്. പാകിസ്താനെയും ശ്രീലങ്കയെയും വീഴ്ത്തി ഇന്ത്യ കഴിഞ്ഞ മാസം ഏഷ്യൻ കിരീടം ഉയർത്തിയപ്പോഴും കൊളംബോയിൽ ബംഗ്ലാദേശിന് മുന്നിൽ തോൽവിയായിരുന്നു ഫലം.
അന്ന് ഫൈനൽ ഉറപ്പിച്ചിരുന്നതിനാൽ പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകിയായിരുന്നു ഇന്ത്യ ഇറങ്ങിയത്. എന്നാൽ ഇന്ന് മികച്ച ടീമിനെയാകും ഇന്ത്യ കളത്തിലിറക്കുക. അതേസമയം, എല്ലാ കാലവും ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള ഷകീബ് അൽ ഹസന്റെയും മുഷ്ഫിഖുർ റഹിമിന്റെയും പരിചയസമ്പത്ത് ബംഗ്ലാദേശിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്ന ഘടകമാണ്. പരിചയ സമ്പന്നരായ ടസ്കിൻ അഹമ്മദും മുസ്താഫിസുർ റഹ്മാനും നയിക്കുന്ന പേസ് ആക്രമണവും നിലവാരമുള്ളതാണ്. മെഹ്ദി ഹസൻ മിറാജിന്റെ മിന്നും ഫോമും ബംഗ്ലാദേശിന് പ്രതീക്ഷ നൽകുന്നു.
ക്രിക്കറ്റ് പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, പ്രതിഭാശാലികളായ ഒരു പറ്റം കളിക്കാരുടെ സംഘമാണ് ബംഗ്ലാദേശ്. എന്നാൽ അതിവൈകാരികതയും വീണ്ടുവിചാരമില്ലായ്മയുമാണ് പലപ്പോഴും അവർക്ക് വിനയാകുന്ന ഘടകങ്ങൾ. ബംഗ്ലാദേശ് ആരാധകരുടെ അമിതാവേശം പലപ്പോഴും ടീമിനെ ആവേശിക്കുന്നതും അവർക്ക് ബാദ്ധ്യതയാകാറുണ്ട്. പ്രവചനാതീതമായ ആ സ്ഥിരതയില്ലായ്മ തന്നെയാണ് ഇന്ത്യക്കെതിരെ പലപ്പോഴും ബംഗ്ലാദേശിനെ അപകടകാരികളാക്കുന്നതും.
Discussion about this post