കണ്ണൂർ: വിദ്യാരംഭവുമായി ബന്ധപ്പെട്ട് മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന നോട്ടീസ് ചർച്ചയാകുന്നു. വിദ്യാരംഭം എങ്ങനെ വേണമെന്ന് വ്യക്തമാക്കണമെന്ന നോട്ടീസിലെ ഓപ്ഷനുകളാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബർ, യേശുവേ സ്തുതി എന്നിവയാണ് പ്രധാന ഓപ്ഷനുകളായി നൽകിയിരിക്കുന്നത്.
കുട്ടികളെ വിദ്യാരംഭത്തിൽ പങ്കെടുക്കുന്നതിന് മുൻപ് പൂരിപ്പിച്ചു നൽകാനുളള അപേക്ഷാഫോറത്തിലാണ് വിവാദ ഓപ്ഷൻ ഇടംപിടിച്ചത്. ഓപ്ഷൻ തിരഞ്ഞെടുത്തതായി അടയാളപ്പെടുത്താനും സ്ഥലമുണ്ട്. ഹൈന്ദവ ആചാരങ്ങളെ അവഹേളിക്കാനും തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കാനും നടത്തുന്ന ആസൂത്രിത ശ്രമമാണിതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
മട്ടന്നൂർ നഗരസഭ ലൈബ്രറി കമ്മിറ്റിയുടെ പേരിലാണ് പരിപാടിയെക്കുറിച്ച് വിശദീകരിക്കുന്ന നോട്ടീസും അപേക്ഷാഫോറവും പുറത്തിറക്കിയത്. ഒക്ടോബർ 24 ചൊവ്വാഴ്ച മട്ടന്നൂർ മധുസൂദനൻ തങ്ങൾ സ്മാരക ഗവൺമെന്റ് യുപി സ്‌കൂളിലാണ് വിദ്യാരംഭമെന്നും നോട്ടീസിൽ പറയുന്നു. കുട്ടിയുടെ പേരും അച്ഛന്റെയും അമ്മയുടെയും പേരുകളും മേൽവിലാസവും എഴുതാൻ അപേക്ഷാഫോറത്തിൽ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. ഫോൺ നമ്പരും ജനന തീയതിയും ചോദിച്ച ശേഷമാണ് വിദ്യാരംഭം എങ്ങനെ എന്ന ചോദ്യവും ഉൾപ്പെടുത്തിയത്.
വർഷങ്ങളായി വിദ്യാരംഭം നടത്തുന്ന ധാരാളം ക്രൈസ്തവ ദേവാലയങ്ങൾ കേരളത്തിൽ ഉണ്ട്. അവിടെയൊന്നും യേശുവേ സ്തുതി എന്ന് കുട്ടികളെ എഴുതിക്കാറില്ല കുരിശു വരച്ച് അക്ഷരമാല എഴുതിക്കുകയാണ് പതിവ്. ഹൈന്ദവ വിശ്വാസത്തിൽ നിന്ന് അധികം വ്യതിചലിക്കാത്ത രീതിയിലാണ് ഇവിടെയൊക്കെ ചടങ്ങുകളും സംഘടിപ്പിക്കാറുള്ളത്. എന്നാൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ നോട്ടീസ് സമൂഹത്തിൽ മതവിദ്വേഷം പ്രകടമാക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് വിമർശനം ഉയരുന്നുണ്ട്. പഠനം തുടങ്ങുന്ന കുട്ടികളിൽ പോലും മതത്തിന്റെ പേരിൽ വേർതിരിവ് കുത്തിവെക്കുന്നതാണ് നീക്കം.
നോട്ടീസിന്റെ ആധികാരികതയെക്കുറിച്ച് ഇതുവരെ പ്രതികരണം പുറത്തുവന്നിട്ടില്ല. സമൂഹമാദ്ധ്യമങ്ങളിൽ അടക്കം നോട്ടീസ് വലിയ തോതിൽ ചർച്ചയായിക്കഴിഞ്ഞു.
Discussion about this post