ന്യൂഡൽഹി: പ്രതിരോധ രംഗത്ത് നിർണായക നേട്ടവുമായി വ്യോമസേന. തദ്ദേശീയമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ട്വിറ്ററിലൂടെ വ്യോമസേനയാണ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ സന്തോഷ വാർത്ത പങ്കുവച്ചത്.
ബ്രസ്‌മോസ് മിസൈലിന്റെ എയർ ലോഞ്ച്ഡ് വേർഷനാണ് പരീക്ഷിച്ചത്. ബംഗാൾ ഉൾക്കടലിൽ ആയിരുന്നു പരീക്ഷണം. സുഖോയ് 30 എംകെഐ യുദ്ധ വിമാനത്തിൽ നിന്നായിരുന്നു ദീർഘ ദൂര മിസൈൽ തൊടുത്തത്. മിസൈൽ ലക്ഷ്യം കൃത്യമായി ഭേദിച്ചു. മിസൈലിന്റെ നിരവധി ചെറുപരീക്ഷണങ്ങൾ നേരത്തെ തന്നെ വിജയകരമായിരുന്നു.
1,500 കിലോ മീറ്റർ അകലെയായിരുന്നു ലക്ഷ്യം സ്ഥാപിച്ചിരുന്നത്. ആദ്യമായിട്ടാണ് ഇത്രയും അകലെ ലക്ഷ്യം സ്ഥാപിച്ച് ബ്രഹ്മോസിന്റെ പുതിയ പതിപ്പ് പരീക്ഷിക്കുന്നത്. നേരത്തെ ഇതിനേക്കാൾ കുറഞ്ഞ ദൂരത്തിലായിരുന്നു പരീക്ഷണങ്ങൾ സംഘടിപ്പിച്ചിരുന്നത്. 1,500 കിലോ മീറ്റർ സഞ്ചരിച്ച് ലക്ഷ്യം ഭേദിച്ചതോടെ നിർണായക നേട്ടമാണെന്ന് വ്യോമസേന പ്രതികരിച്ചു.
റഷ്യയുമായി സഹകരിച്ചാണ് വായുവിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് ദീർഘദൂര മിസൈൽ ഇന്ത്യ രൂപ കൽപ്പന ചെയ്തിരിക്കുന്നത്. സ്വന്തം ഉപയോഗത്തിനും വിദേശരാജ്യങ്ങളിലേക്ക് വിൽപ്പന നടത്തുന്നതിനും വേണ്ടിയാണ് പുതിയ മിസൈലിന്റെ നിർമ്മാണം.
Discussion about this post