റായ്പൂർ: മതേതരത്വം എന്തെന്ന് കോൺഗ്രസ് തങ്ങളെ പഠിപ്പിക്കേണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലൗജിഹാദിനെയും ഹിന്ദുക്കൾക്ക് നേരെ മതതീവ്രവാദികൾ നടത്തുന്ന ആക്രമണങ്ങളെയും മതേതരത്വം എന്ന് പറഞ്ഞ് ന്യായീകരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് ഭരണം ആരംഭിച്ച നാൾ മുതൽ തന്നെ രാജ്യത്ത് നിർബന്ധിത മതപരിവർത്തനത്തിനും തുടക്കമായി. ഛത്തീസ്ഗഡിൽ ഒന്നു നോക്കു. ഗോത്ര വിഭാഗങ്ങളിൽപ്പെട്ട എത്ര പേരാണ് നിർബന്ധിത മതപരിവർത്തനത്തിന് ഇരയായി ക്രിസ്ത്യൻ മതം സ്വീകരിക്കുന്നത്. ആരെങ്കിലും ഇതിനെതിരെ ശബ്ദം ഉയർത്തിയാൽ ഭൂപേഷ് ബാഗൽ സർക്കാർ മതേതരത്വം എന്ന് പറഞ്ഞു ന്യായീകരിക്കും.
വലിയ സാമൂഹ്യ വിപത്താണ് ലൗവ് ജിഹാദ്. സംസ്ഥാനത്ത് കോൺഗ്രസ് സർക്കാർ അധികാരത്തിൽവന്നാൽ നിർബന്ധിത മതപരിവർത്തനം തുടർന്നുകൊണ്ടേയിരിക്കും. കോൺഗ്രസ് ബിജെപിയെ മതേതരത്വം എന്തെന്ന് പഠിപ്പിക്കേണ്ടെന്നും ഹിമന്ത ബിശ്വശർമ്മ വ്യക്തമാക്കി.
ഹിന്ദുക്കളെമാത്രം കൂട്ടക്കൊല ചെയ്യുന്നത് എങ്ങനെ മതേതരത്വം ആകും. ഈ രാജ്യത്ത് ഹിന്ദുക്കൾ മാത്രമാണോ ഉള്ളത്. മതേതരത്വത്തിന്റെ ഭാഷ ആരും തങ്ങളെ പഠിപ്പിക്കേണ്ട. രാമക്ഷേത്രം പൊളിച്ച് ബാബറി മസ്ജിദ് നിർമ്മിക്കുന്നതിനെ മതേതരത്വം എന്ന് വിളിക്കേണ്ട. നിർബന്ധിത മതപരിവർത്തനവും മതേതരത്വം അല്ലെന്നും ശർമ്മ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷമാണ് രാമക്ഷേത്ര നിർമ്മാണം ആരംഭിച്ചത്. കഴിഞ്ഞ 60 വർഷക്കാലമായി കോൺഗ്രസ് പ്രാർത്ഥിച്ചത് ബാബറിനെ ആയിരുന്നു. കോൺഗ്രസാണ് ഇപ്പോഴും അധികാരത്തിൽ തുടർന്നത് എങ്കിൽ അടുത്ത ജനുവരിയിൽ രാമക്ഷേത്ര നിർമ്മാണം പൂർത്തിയാകുമോ?. ജനങ്ങൾക്ക് നൽകിയ വാക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post