ലക്‌നൗ: കോടിക്കണക്കിന് ഭക്തരുടെ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ് സഫലമാകുന്നു. അയോധ്യയിലെ രാംലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായതായി ശല്‍പികള്‍ അറിയിച്ചു. വിഗ്രഹം ഒക്ടോബര്‍ 31 നകം ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റിന് കൈമാറുമെന്നും ശില്‍പികളിലൊരാളായ വിപിന്‍ ബദൗരിയ വ്യക്തമാക്കി. ലോകത്തെ ഏറ്റവും മനോഹരമായ വിഗ്രഹങ്ങളില്‍ ഒന്നാകുമിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ ശ്രമങ്ങള്‍ ഫലം കണ്ടതില്‍ എനിക്ക് സന്തോഷമുണ്ട്. വിഗ്രഹത്തിന്റെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞി. ചിലമിനുക്കു പണികള്‍ മാത്രണ് ബാക്കിയുള്ളത്. അത് കൂടി പൂര്‍ത്തിയാക്കി ഈ മാസം 31 നകം വിഗ്രഹം ക്ഷേത്ര ട്രസ്റ്റിന് കൈമാറും. കറുത്ത കല്ലില്‍ തീര്‍ത്ത വിഗ്രഹം ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ശ്രീരാമ വിഗ്രഹമാകും. കാണുന്നവരെയെല്ലാം വിസ്മയിപ്പിക്കുന്ന തരത്തിലാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്’, വിപിന്‍ ബദൗരിയ പറഞ്ഞു.
അതേസമയം, മൂന്ന് പ്രത്യേക തരം കല്ലുകള്‍ ഉപയോഗിച്ച് മൂന്ന് വിഗ്രഹങ്ങളാണ് നിര്‍മിക്കുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിനായി മൂന്ന് ശില്‍പികളെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും മികച്ചത് ‘ഗര്‍ഭഗൃഹ’ത്തില്‍ സ്ഥാപിക്കുമെന്നും ബാക്കി രണ്ടെണ്ണം മറ്റൊരു ക്ഷേത്രത്തില്‍ സ്ഥാപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലെ കാര്‍ക്കള ടൗണ്‍ സ്വദേശിയും പ്രശസ്ത കലാകാരനുമായ വാസുദേവ് കാമത്തിന്റെ രേഖാചിത്രം അടിസ്ഥാനമാക്കിയാണ് വിഗ്രഹം നിര്‍മ്മിച്ചതെന്ന്് ട്രസ്റ്റിന്റെ ഭാരവാഹികള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രാമായണ പരമ്പരയിലെ ചിത്രങ്ങള്‍ ലോകപ്രശസ്തമാണ്.
”ഒരു കൈയില്‍ വില്ലും മറുകൈയില്‍ അമ്പും പിടിച്ചുകൊണ്ട് താമരയുടെ മുകളില്‍ നില്‍ക്കുന്ന അഞ്ചു വയസുകാരനായ ശ്രീരാമനെയാണ് അയോധ്യയിലെ രാമ ക്ഷേത്രത്തിനായി നിര്‍മ്മിക്കുന്നത്. മികച്ച കൊത്തുപണികളോടെ 51 ഇഞ്ച് ഉയരത്തിലാണ് അതി മനോഹരമായ വിഗ്രഹം നിര്‍മ്മിക്കുന്നത്. കൂടാതെ ഇതില്‍ ശ്രീരാമനുമായി ബന്ധപ്പെട്ട എല്ലാ അടയാളങ്ങളും കൊത്തിവെച്ചിട്ടുണ്ടെന്നും ബദൗരിയ പറഞ്ഞു.
മൂന്ന് ടീമുകളായാണ് വിഗ്രഹം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതില്‍ ബദൗരിയ അടങ്ങുന്ന ടീമും മൈസൂരില്‍ നിന്നുള്ള അരുണ്‍ യോഗിരാജിന്റെ ടീമും കര്‍ണാടകയില്‍ നിന്നുള്ള കൃഷ്ണശില (കറുത്ത കല്ല്) ഉപയോഗിച്ചാണ് വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. ഏറ്റവും ആകര്‍ഷകവും ഈടുനില്‍ക്കുന്നതുമായ ശില്‍പങ്ങള്‍ കൃഷ്ണശില കൊണ്ടാണ് സാധാരണ നിര്‍മിക്കാറുള്ളതെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. ശില്‍പ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ഏറ്റവും മികച്ച കല്ലുകളില്‍ ഒന്നാണിത്. മംഗലാപുരത്ത് നിന്ന് 60 കിലോമീറ്റര്‍ അകലെ, കര്‍ണാടകയിലെ ഒരു ചെറിയ പട്ടണമായ കാര്‍ക്കളയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് കൃഷ്ണശില കാണപ്പെടുന്നത്.
10 ടണ്‍ ഭാരവും 6 അടി വീതിയും 4 അടി കനവും ഏകദേശം ഒരു അടി നീളവുമുള്ള കല്ല് ഒരു മാസം മുമ്പ് കാര്‍ക്കളയിലെ നെല്ലിക്കരു ഗ്രാമത്തില്‍ നിന്ന് പ്രത്യേകമായി കൊണ്ടുവന്നതാണെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. മൂന്നാമത്തെ ടീമായ, ജയ്പൂരില്‍ നിന്നുള്ള സത്യ നാരായണ്‍ പാണ്ഡെയും സംഘവും മക്രാനയില്‍ നിന്നുള്ള ‘എ-ക്ലാസ്’ കല്ലുകളും മാര്‍ബിളുകളുമാണ് വിഗ്രഹത്തിന്റെ നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ദേവന്മാരുടെയും ദേവതകളുടെയും മനോഹരമായ ശില്‍പങ്ങള്‍ കൊത്തിയെടുക്കാന്‍ രാജസ്ഥാനി മക്രാന മാര്‍ബിള്‍ ഉപയോഗിക്കാറുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post