ന്യൂഡൽഹി: നിരോധനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണലിന്റെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒഎംഎ സലാമാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
2022 സെപ്തംബറിലായിരുന്നു രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത്. പിന്നീട് ഈ തീരുമാനം യുഎപിഎ ട്രൈബ്യൂണൽ ശരിവയ്ക്കുകയായിരുന്നു. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ അദ്ധ്യക്ഷനായ ബെഞ്ചാണ് ശരിവച്ചത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് ഹർജി.
തങ്ങളുടെ ഭാഗം കേൾക്കാതെയാണ് സംഘടനയെ നിരോധിച്ചത് എന്നാണ് പോപ്പുലർ ഫ്രണ്ടിൻറെ വാദം. എട്ട് അനുബന്ധ സംഘടനകളെ നിരോധിച്ചതും ഹർജിയിൽ പോപ്പുലർ ഫ്രണ്ട് ചോദ്യം ചെയ്യുന്നുണ്ട്.
യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരമായിരുന്നു പോപ്പുലർ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ സഹസംഘടനകളായ
റീഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യുമൻ റൈറ്റ്സ് ഓർഗനൈസേഷൻ,
നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റീഹാബ് ഫൗണ്ടേഷൻ എന്നിവയ്ക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു. അഞ്ച് വർഷത്തേയ്ക്ക് ആണ് നിരോധനം. ഇതിന്റെ ഭാഗമായി രാജ്യമൊട്ടാകെ എൻഐഎ നടത്തിയ പരിശോധനയിൽ നിരവധി പോപ്പുലർ ഫ്രണ്ട് ഭീകരരെ ആണ് പിടികൂടിയിട്ടുള്ളത്.
Discussion about this post