ജയ്പൂർ: രാജസ്ഥാനിൽ രാജകുടുംബാംഗം ബിജെപിയിൽ ചേർന്നു. ഉദയ്പൂർ രാജകുടുംബാംഗം വിശ്വരാജ് സിംഗ് മേവാറാണ് ബിജെപിയിൽ ചേർന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.
രാവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആയിരുന്നു അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്. ബിജെപിയുടെ പ്രമുഖ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ അദ്ദേഹം വല്ലഭ്‌നഗറിൽ നിന്നോ, ഉദയ്പൂർ സിറ്റിയിൽ നിന്നോ മത്സരിക്കുമെന്നാണ് സൂചന.
25 വർഷങ്ങൾക്ക് ശേഷമാണ് ഉദയ്പൂർ രാജകുടുംബാംഗം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. നിലവിൽ ഉദയ്പൂർ രാജകുടുംബത്തിൽ നിന്നുള്ള നാല് കുടുംബാംഗങ്ങളാണ് ബിജെപിയിൽ ഉള്ളത്. ഇവർ നാല് പേർക്കും എംഎൽഎ, എംപി സ്ഥാനങ്ങൾ ഉണ്ട്. രാജകുടുംബാംഗമായ അദ്ദേഹം പൗര പ്രമുഖൻ കൂടിയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ ബിജെപി പ്രവേശനം പാർട്ടിയ്ക്ക് ഉദയ്പൂരിൽ കരുത്തേകും.
വിശ്വരാജ് സിംഗിന്റെ പിതാവ് മഹേന്ദ്ര സിംഗ് മേവാർ ബിജെപി അംഗമായിരുന്നു. 1989 ൽ ബിജെപിയിൽ ചേർന്ന അദ്ദേഹം പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് പാർട്ടിവിടുകയായിരുന്നു.
Discussion about this post