ഹൈദരാബാദ്: അമേരിക്കന്‍ സര്‍വകലാശാലകളിലേക്ക് പോകാനെത്തിയ 19 വിദ്യാര്‍ത്ഥികളെ എയര്‍ ഇന്ത്യ വിമാനത്താവളത്തില്‍ തടഞ്ഞു. ഇവര്‍ക്ക് പ്രവേശനം കിട്ടിയ രണ്ട് സര്‍വകലാശാലകളും അമേരിക്കന്‍ അധികൃതരുടെ നിരീക്ഷണത്തിലായതിനാല്‍ വിമാനം കയറാന്‍ അനുവദിക്കേണ്ടെന്ന് നിര്‍ദ്ദേശം നല്‍കുകയായിരുന്നെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
സാന്‍ ഫ്രാന്‍സിസ്കോയിലേക്ക് പോകാന്‍ ഞായറാഴ്ച രാത്രി രാജീവ് ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലെത്തിയ വിദ്യാര്‍ത്ഥികളെയാണ് തിരിച്ചയച്ചത്. അപമാനവും ധനനഷ്ടവും ഉണ്ടാവാതിരിക്കാനാണ് തടഞ്ഞതെന്ന് എയര്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥന് പറയുന്നു. ടിക്കറ്റ് നിരക്ക് തിരികെ കൊടുക്കാനും സ്ഥാപനം തീരുമാനിച്ചിട്ടുണ്ട്. യാത്രാ പ്രശ്നങ്ങള്‍ ഒഴിവായാല്‍ മറ്റ് ചാര്‍ജുകള്‍ ഈടാക്കാതെ വിദ്യാര്‍ത്ഥികളെ പോകാനനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പ് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളൊക്കെ തിരികെ വന്നിരുന്നു എന്നതാണ് തീരുമാനത്തിന് കാരണം. ഡിസംബര്‍ 19നാണ് സര്‍വകലാശാലകള്‍ നിരീക്ഷണത്തിലാണെന്ന അമേരിക്കന്‍ കസ്റ്റംസിന്റെ മറുപടി ലഭിക്കുന്നത്. നേരത്തേ പോയവരെ സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ നിന്ന് തന്നെ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. 14 വിദ്യാര്‍ത്ഥികളെയാണ് ഇത്തരത്തില്‍ തിരിച്ചയച്ചത്.
അങ്ങോട്ടുള്ള ടിക്കറ്റുമായി പോകുന്ന വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ കാശ് മുടക്കി തിരിച്ച് വരേണ്ട ഗതികേടിലാണ്. ഇത്തരം സര്‍വകലാശാലകളിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കണ്ടെന്നാണ് എയര്‍ ഇന്ത്യ എല്ലാ വിമാനത്താവളങ്ങളിലും നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
Discussion about this post