ബംഗളുരു : കർണാടകയിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിന് ജെഡിഎസിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണപിന്തുണ ലഭിച്ചിരുന്നുവെന്ന് ജെഡിഎസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ. കേരളത്തിൽ ജെഡിഎസിന് എൽഡിഎഫ് സർക്കാരിൽ ഒരു മന്ത്രി ഉള്ളതിനാൽ ബിജെപി സഖ്യത്തെക്കുറിച്ച് നേരത്തെ തന്നെ അറിയിച്ചിരുന്നെന്നും പിന്തുണ ലഭിച്ചിരുന്നു എന്നുമാണ് ദേവഗൗഡ വ്യക്തമാക്കിയത്.
ബിജെപിയുമായി സഖ്യം ഉണ്ടാക്കിയതിനെതിരെ പ്രതിഷേധമുയർത്തിയ ജെഡിഎസ് സംസ്ഥാന നേതാവ് സി എം ഇബ്രാഹിമിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായി അറിയിച്ചുകൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് ജെഡിഎസ് ദേശീയ അദ്ധ്യക്ഷനായ ദേവഗൗഡ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കർണാടകയിൽ ബിജെപിയുമായി സഖ്യം ഉണ്ടാക്കുന്നതിന് ജെഡിഎസ് കേരള ഘടകം നേരത്തെ പിന്തുണ അറിയിച്ചിരുന്നതായും ദേവഗൗഡ സൂചിപ്പിച്ചു.
“കേരളത്തിലെ ഇടതുമുന്നണി സർക്കാരിൽ ജെഡിഎസിന് ഒരു മന്ത്രി ഉള്ളതാണ്. കർണാടകയിൽ ബിജെപിയുമായി ചേർന്നു പോകുന്നതിന്റെ കാരണം അവർ മനസ്സിലാക്കി. മന്ത്രി കെ കൃഷ്ണൻകുട്ടി തീരുമാനത്തെ പിന്തുണച്ചു. പാർട്ടിയെ രക്ഷിക്കാനുള്ള ഈ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും പൂർണ സമ്മതമാണ് നൽകിയത്.” എന്നാണ് വാർത്താസമ്മേളനത്തിൽ ദേവഗൗഡ വ്യക്തമാക്കിയത്. ബിജെപി സഖ്യത്തെ തമിഴ്നാട് മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളും അംഗീകരിച്ചതാണെന്നും ദേവഗൗഡ അറിയിച്ചു.
Discussion about this post