ന്യൂഡൽഹി : റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വർദ്ധിപ്പിച്ചു. കഴിഞ്ഞ ആറുമാസകാലയളവിൽ പ്രതിദിനം 1.76 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണയാണ് റഷ്യയില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തത്. മുൻ വർഷങ്ങളിൽ ഇത് പ്രതിദിനം 7.8 ലക്ഷം ബാരലായിരുന്നു. ഇതോടെ ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ അഞ്ചിൽ രണ്ട് ഭാഗവും റഷ്യയിൽ നിന്നുമായി മാറി.
റഷ്യ യുക്രെയ്ൻ യുദ്ധത്തിനു ശേഷമാണ് ഇന്ത്യ റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി വലിയ തോതിൽ വർദ്ധിപ്പിച്ചത്. ഇതോടെ മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ 28 ശതമാനം കുറവാണ് വന്നിട്ടുള്ളത്. മുൻ കാലഘട്ടങ്ങളിൽ സൗദി അറേബ്യയിൽ നിന്നുമായിരുന്നു ഇന്ത്യ ഏറ്റവും അധികം അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്തിരുന്നത്.
റഷ്യ യുക്രെയ്ൻ യുദ്ധം ആരംഭിച്ചതോടെ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതിക്ക് വിലക്ക് ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ റഷ്യയിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ചത്. മിഡിൽ ഈസ്റ്റിൽ നിന്നും എണ്ണ വാങ്ങുന്നതിനേക്കാൾ വലിയ ലാഭത്തിലാണ് റഷ്യ ഇന്ത്യയ്ക്ക് എണ്ണ വില്പന നടത്തുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ അസംസ്കൃത എണ്ണ ഇറക്കുമതി നടത്തുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ഈ കാരണത്താൽ തന്നെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഉണ്ടാകുന്ന വർദ്ധനവും കുറവും വിദേശ വിപണിയെ കാര്യമായി തന്നെ ബാധിക്കുന്നതാണ്.
Discussion about this post