ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വിഷയത്തിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദുൾപ്പെടെയുള്ള സമിതിയുമായി ലോകമ്മീഷൻ കൂടിക്കാഴ്ച നടത്തും. ഒക്‌ടോബർ 25ന് ആയിരിക്കും കൂടിക്കാഴ്ച. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള മാർഗരേഖ നിയമ കമ്മീഷൻ ഉന്നത തല സമിതിയുമായി പങ്കുവെക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സാധ്യതകൾ പഠിക്കാനായി എട്ടംഗ സമിതിയെ കേന്ദ്രസർക്കാർ നിയോഗിച്ചിരുന്നു. സമിതിയുടെ രണ്ടാം യോഗം അടുത്ത ആഴ്ച ചേരുമെന്നാണ് റിപ്പോർട്ടുകൾ. സെപ്തംബർ രണ്ടിനാണ് കേന്ദ്രസർക്കാർ ഇതിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്. സമിതിയുടെ ആദ്യയോഗം സെപ്തംബർ 23നാണ് നടന്നത്.
മുൻ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ലോ കമ്മീഷനാണ് മാർഗ്ഗരേഖ തയ്യാറാക്കുന്നത്. കാലാവധി നീട്ടിക്കൊണ്ടോ കുറച്ചോ എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളും 2029 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സമന്വയിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗരേഖ ലോ കമ്മീഷൻ തയ്യാറാക്കി വരികയാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
രാഷ്‌ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനായിരുന്നു സമിതി ആദ്യ യോഗത്തിൽ തീരുമാനിച്ചത്. രാജ്യത്ത് സുസ്ഥിരമായി ഒരേസമയം തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സമിതി കത്തയച്ചിട്ടുണ്ട്.
Discussion about this post