തിരുവനന്തപുരം: അറബിക്കടലിൽ തേജ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. രാവിലെയോടെയായിരുന്നു അതി തീവ്രന്യൂനമർദ്ദം ചുഴലിക്കാറ്റ് ആയി മാറിയത്. ഇതോടെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന അതി തീവ്രന്യൂമർദ്ദമാണ് ശക്തിപ്രാപിച്ചത്. അടുത്ത 12 മണിക്കൂറിനുള്ളിൽ ഇത് തീവ്ര ചുഴലിക്കാറ്റായി മാറും. തുടർന്നുള്ള 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാനാണ് സാദ്ധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാളെ രാവിലെ വരെ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും തുടർന്ന് ഒക്ടോബർ 24 രാവിലെ വരെ വടക്ക് പടിഞ്ഞാറ് ദിശയിലും പിന്നീട് വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിലും സഞ്ചരിച്ച് ഒക്ടോബർ 25 രാവിലെയോടെ യെമൻ -ഒമാൻ തീരത്തു അൽ ഗൈദാക്കിനും (യെമൻ ) സലാലാക്കിനും ഇടയിൽ കരയിൽ പ്രവേശിക്കും.
അടുത്ത 48 മണിക്കൂറിനുള്ളിൽ തുലാവർഷം തെക്കേ ഇന്ത്യക്കു മുകളിൽ എത്തിച്ചേർന്നേക്കും. എന്നിരുന്നാലും തുടക്കം ദുർബലമായിരിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മദ്ധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്.
Discussion about this post