സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചിതലയത്ത് പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് ഭാര്യ ബിന്ദു(49) മകന്‍ ബേസില്‍(28) എന്നിവരെ വെട്ടിക്കൊന്നശേഷം കിടപ്പുമുറിയില്‍ കയറി ജീവനൊടുക്കിയത്.
കുടുംബവഴക്കാണ് ഇരട്ടക്കൊലയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഷാജുവിന് കുടുംബവുമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്ന് ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ പ്രവേശിക്കാന്‍ ഷാജുവിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നതായാണ് വിവരം. ഈ വിലക്ക് ലംഘിച്ച് വീട്ടിലെത്തിയ ഷാജു ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം.
മകനെ കൂടാതെ ഷാജു-ബിന്ദു ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്. മകള്‍ യു.കെ.യിലാണ്. ശനിയാഴ്ച രാവിലെ അവിടെ നിന്നും അമ്മയെ ഫോണില്‍ വിളിച്ചിട്ടും പ്രതികരണമുണ്ടാകാത്തതിനെ തുടര്‍ന്നുള്ള സംശയത്തിലാണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. അമ്മയും സഹോദരനും ഫോണ്‍ എടുക്കാതെ വന്നതോടെ മകള്‍ അയല്‍ക്കാരെയും ബന്ധുക്കളെയും ഫോണില്‍ വിളിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ബിന്ദുവിനെയും മകന്‍ ബേസിലിനെയും വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അടച്ചിട്ട കിടപ്പുമുറിയില്‍ ഷാജുവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. ഇതോടെ ബന്ധുക്കള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
ബത്തേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനയും അന്വേഷണവും ആരംഭിച്ചു.












