കണ്ണൂർ : പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറി അപകടമുണ്ടാക്കിയ സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. പോലീസ് ജീപ്പ് ഓടിച്ചിരുന്ന ഡ്രൈവറുടെ അനാസ്ഥയും അശ്രദ്ധയും ആണ് അപകടം ഉണ്ടാക്കിയത് എന്നാണ് എംവിഡി റിപ്പോർട്ട് സൂചിപ്പിക്കുന്നത്. വാഹനത്തിന് യന്ത്ര തകരാർ ഇല്ലെന്നും ആക്സിൽ ഒടിഞ്ഞത് അപകടത്തിന് ശേഷമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ പതിനാറാം തീയതി ആയിരുന്നു കണ്ണൂര്‍ കാള്‍ടെക്‌സ് ജംഗ്ഷനില്‍ പെട്രോൾ പമ്പിലേക്ക് പോലീസ് ജീപ്പ് ഇടിച്ചു കയറിയത്. രാവിലെ ആറരയോടെ ആയിരുന്നു സംഭവം നടന്നത്. നിയന്ത്രണം വിട്ട് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറിയ പോലീസ് ജീപ്പ് ആസമയം പമ്പിൽ ഇന്ധനം നിറക്കുകയായിരുന്ന കാറിനെ ഇടിച്ചുതെറിപ്പിക്കുകയും പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന യന്ത്രം തകർക്കുകയും ചെയ്തിരുന്നു.
കണ്ണൂർ എആർ ക്യാമ്പിലേക്ക് ഭക്ഷണം കൊണ്ടുപോകുന്ന പോലീസ് ജീപ്പ് ആയിരുന്നു അപകടമുണ്ടാക്കിയത്. എ എസ് ഐ സുരേഷ് ആയിരുന്നു വാഹനമോടിച്ചിരുന്നത്. പോലീസ് ജീപ്പ് കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചതായിരുന്നതിനാൽ വാഹനത്തിന്റെ പ്രശ്നമോ യന്ത്ര തകരാറോ മൂലമായിരിക്കാം നിയന്ത്രണം വിട്ട് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറുക എന്ന സംശയം നിലനിന്നിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന റിപ്പോർട്ട് പ്രകാരം പോലീസ് ജീപ്പിനെ യന്ത്ര തകരാറുകൾ ഒന്നും ഉണ്ടായിരുന്നില്ല. ഡ്രൈവറായ എ എസ് ഐ സുരേഷിന്റെ അശ്രദ്ധയാണ് അപകടമുണ്ടാക്കിയത് എന്നാണ് മോട്ടോർ വാഹന വകുപ്പ് വെളിപ്പെടുത്തുന്നത്.
Discussion about this post