കോട്ടയം: ഒരേ ഇരുപ്പിൽ ഭക്ഷണം കഴിക്കാതെ 180 രോഗികളെ നോക്കിയ വനിതാ ഡോക്ടറെ ബാങ്ക് പ്രസിഡൻറ് തടഞ്ഞുവെച്ചതായി പരാതി. വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ശ്രീജ രാജിനെയാണ് തടഞ്ഞുവച്ചത്. ഇതേ തുടർന്ന് കുഴഞ്ഞു വീണ് പരിക്കേറ്റ ഇവർ ഇപ്പോൾ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളൂർ 785-ാം നമ്ബർ സർവീസ് സഹകരണബാങ്കിന്റെ പ്രസിഡന്റ് വി എ ഷാഹിം ആണ് വനിതാ ഡോക്ടറെ തടഞ്ഞുവെച്ചത്. ഡോക്ടറുടെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് ഡോക്ടർമാരുള്ള ആശുപത്രിയിൽ ശനിയാഴ്ച ശ്രീജ മാത്രമാണ് ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. 180ഓളം രോഗികളാണ് ഒപിയിൽ എത്തിയതെന്നും ശ്രീജ പൊലീസിനോടു പറഞ്ഞു. രാവിലെ 9 മുതൽ 2 വരെയാണ് ആശുപത്രിയിലെ ഒപി സമയമെന്നും രണ്ടരയ്ക്ക് ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയപ്പോൾ സഹകരണബാങ്ക് പ്രസിഡന്റ് തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് ശ്രീജയുടെ പരാതി.
ഭക്ഷണം കഴിക്കാത്തതിനാൽ അവശയായിരുന്ന ശ്രീജ കുഴഞ്ഞുവീണ് ബോധരഹിതയായി. നഴ്സുമാർ പ്രാഥമികശുശ്രൂഷ നൽകി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അതേസമയം പനിക്കു മരുന്നു വാങ്ങാൻ ഉച്ചയ്ക്ക് 1.40ന് ആശുപത്രിയിൽ എത്തിയപ്പോൾ സമയം കഴിഞ്ഞു എന്നു പറഞ്ഞ് ഡോക്ടർ ചികിത്സ നിഷേധിച്ചെന്ന് ഷാഹിം ആരോപിച്ചു.
Discussion about this post