ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനർത്ഥികളുടെ ആദ്യപട്ടിക പുറത്തുവിട്ട് ബി.ജെ.പി. 52 പേരുടെ പട്ടികയാണ് ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ ബണ്ടി സഞ്ജയ് എംപി കരിംനഗറിലും അരവിന്ദ് ധർമ്മപുരി എംപി കൊരട്ടലെയിലും മത്സരിക്കും. മറ്റൊരു എംപിയായ സോയം ബാപ്പുറാവു ആദിലാബാദിൽ നിന്ന് ജനവിധി തേടും.
പ്രവാചക വിരുദ്ധ പരാമർശത്തിൽ അച്ചടക്ക നടപടി നേരിട്ട എംഎൽഎ ടി. രാജാ സിങ് മൽസരിക്കും. ഗോഷാമഹലിൽ നിന്നാണ് രാജാ സിങ് ജനവിധി തേടുക. മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന് എതിരെ ഗജ്‌വെലിൽ എട്ടല രാജേന്ദർ മത്സരിക്കും.
വെള്ളിയാഴ്ച ജെ.പി. നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനുശേഷമാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായത്. കഴിഞ്ഞയാഴ്ച കോൺഗ്രസ് 55 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. 119 മണ്ഡലങ്ങളുള്ള തെലങ്കാന നിയമസഭയിലേക്ക് നവംബർ 30നാണ് വോട്ടെടുപ്പ് നടക്കുന്നത്.
Discussion about this post