ഗാൽവൻ സംഘർഷത്തിനു ശേഷം ചൈനയുടെ നീക്കങ്ങൾക്കെതിരെ സുശക്തമായ പ്രതിരോധം ഉയർത്തുകയാണ് ഭാരതം. ഇതിന്റെ ഭാഗമായി ആയുധങ്ങൾ നവീകരിക്കുകയും പുതിയവ സ്വന്തമാക്കുകയും ചെയ്യുകയാണ് രാജ്യം. ഇപ്പോഴിതാ ഹിമാലയൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോക്കറ്റ് ലോഞ്ചറുകൾ വിന്യസിക്കാനാണ് ഇന്ത്യൻ സൈന്യത്തിന്റെ തീരുമാനം
അത്യാധുനിക ദീർഘ ദൂര റോക്കറ്റ് ലോഞ്ചറുകളാണ് സൈന്യം സ്വന്തമാക്കുന്നത്. അടുത്തിടെയായി ഹിമാലയൻ മേഖലകളിൽ ചൈനീസ് ഭീഷണി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് റോക്കറ്റ് ലോഞ്ചറുകൾ വിന്യസിക്കാൻ തീരുമാനിച്ചത്.
160 കിലോ മീറ്റർ ദൂരപരിധിയുള്ള റോക്കറ്റ് ലോഞ്ചറുകൾ അടുത്തിടെയായി ചൈനീസ് സൈന്യം അതിർത്തിയിൽ വിന്യസിച്ചിരുന്നു. ഇതിന് മറുപടിയെന്ന നിലയ്ക്കാണ് ഇന്ത്യയുടെ നീക്കം. ഡിഫൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഓർഗനൈസേഷനാണ് ഇതിന്റെ ചുമതല. 150 കിലോ മീറ്റർ ദൂരപരിധിയുള്ള റോക്കറ്റുകളാണ് നിർമ്മിക്കുന്നത്. ഇതിന് പുറമേ 250 കിലോ മീറ്റർ ദൂരപരിധിയുള്ള മൾട്ടിപ്പിൾ ലോഞ്ച് റോക്കറ്റ് സംവിധാനവും നിർമ്മിക്കും. ഇന്ത്യയുടെ വ്യോമശക്തി വർദ്ധിപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് തീരുമാനം.
നിലവിൽ പിനാക, സ്മെർച്ച് റോക്കറ്റ് സംവിധാനം എന്നിവയാണ് ചൈനീസ് ഭീഷണി പ്രതിരോധിക്കാനുള്ളത്. തദ്ദേശീയമായി നിർമ്മിച്ച പിനാക റോക്കറ്റിന് 95 കിലോമീറ്ററാണ് ദൂരപരിധി. റഷ്യൻ നിർമ്മിത സ്മെർച്ചിന് 90 കിലോ മീറ്റർ ദൂരപരിധിയും ഉണ്ട്. നിലവിൽ ചൈനയെ പ്രതിരോധിക്കാൻ കൂടുതൽ ദൂരപരിധി ആവശ്യമാണെന്ന നിരീക്ഷണമാണ് പുതിയ റോക്കറ്റ് ലോഞ്ചറുകൾ എന്ന ആവശ്യകതയിലേക്ക് സൈന്യത്തെ നയിച്ചത്.
120 കിലോ മീറ്ററിലധികം ദൂരപരിധിയുള്ള പിനാക III റോക്കറ്റ് സംവിധാനവും, പിനാക IV റോക്കറ്റ് സംവിധാനവും നിർമ്മിക്കുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രാലയം നിലവിൽ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണവും അതിവേഗം പൂർത്തിയാകും.
നരേന്ദ്രമോദി സർക്കാർ അധികാരമേറ്റതിനു ശേഷം ചൈന അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വൻതോതിലാണ് പുരോഗമിച്ചത്. ഗാൽവൻ സംഘർഷത്തിന് ചൈനയെ പ്രേരിപ്പിച്ചത് ഇന്ത്യയുടെ ശക്തമായ ഇത്തരം നീക്കങ്ങളാണെന്ന് നിരീക്ഷണങ്ങളുണ്ട്. 1962 ലെ യുദ്ധത്തിൽ ആയുധങ്ങളെത്തിക്കാനുള്ള റോഡുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാലായിരുന്നു ഇന്ത്യ തിരിച്ചടി നേരിട്ടത്. ഇത് മുന്നിൽ കണ്ടായിരുന്നു അതിർത്തിയിലേക്ക് റോഡുകൾ നിർമ്മിച്ച് വികസനം വേഗത്തിലാക്കിയത്.
ആധുനിക ആയുധങ്ങൾക്കും വ്യോമ പ്രതിരോധത്തിനുമൊപ്പം കൂടുതൽ പരിധിയുള്ള റോക്കറ്റ് ലോഞ്ചറുകൾ കൂടി എത്തുന്നതോടെ ഹിമാലയൻ മേഖലകളിലെ ഇന്ത്യൻ കരുത്ത് ഇരട്ടിയാകുമെന്ന് ഉറപ്പാണ്.









Discussion about this post