തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും ലിയോ വലിയ തരംഗമാണ് ഉണ്ടാക്കിയിരിക്കുന്നത്. കെജിഎഫ് 2 ന്റെ റെക്കോര്‍ഡ് തകര്‍ത്ത് കേരളത്തിലെ എക്കാലത്തെയും മികച്ച ഓപണിംഗ് നേട്ടം സ്വന്തമാക്കി ലിയോ. വിജയ് ആരാധകർക്കൊപ്പം ലോകേഷ് കനകരാജ് ചിത്രങ്ങളുടെ ആരാധകരും കൂടിച്ചേർന്നപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ ലിയോ തകർത്തോടുകയാണ്.
ലിയോ സ്വന്തമാക്കിയ വിജയം കേരളത്തിലെ ആരാധകരോടൊപ്പം ആഘോഷിക്കാൻ എത്തുകയാണ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്. തിങ്കളാഴ്ച കേരളത്തിലെ മൂന്നു തീയറ്ററുകൾ ലോകേഷ് സന്ദർശിക്കും. പാലക്കാട് അരോമ, തൃശൂര്‍ രാഗം, എറണാകുളം കവിത എന്നീ തിയറ്ററുകളിലാണ് ലോകേഷ് സന്ദർശനം നടത്തുന്നത്.
തിയേറ്ററുകൾ സന്ദർശിക്കുന്നതോടൊപ്പം ലോകേഷ് ആരാധകരോടൊപ്പം വിജയാഘോഷം നടത്തുകയും ചെയ്യുന്നതാണ്. പാലക്കാട് അരോമയില്‍ രാവിലെ 10.30 നും തൃശൂര്‍ രാഗത്തില്‍ ഉച്ചയ്ക്ക് 12 മണിക്കും എറണാകുളം കവിതയില്‍ വൈകിട്ട് 5.15 നുമാണ് ലോകേഷ് പങ്കെടുക്കുന്ന വിജയാഘോഷങ്ങൾ ഉണ്ടാവുക. ആഗോള ബോക്സ് ഓഫീസിൽ നിന്നും ഇതുവരെ 300 കോടിയോളം ആണ് ലിയോ സ്വന്തമാക്കിയിട്ടുള്ളത്. കേരളത്തിലെ തീയേറ്ററുകളിൽ നിന്നും 30 കോടിയോളമാണ് ലിയോയുടെ കളക്ഷൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post