ന്യൂഡൽഹി : ചോദ്യത്തിന് കോഴ ആരോപണ വിവാദത്തില്‍ നൽകിയ സത്യവാങ്മൂലം ആരുടെയും സമ്മര്‍ദത്താലല്ലെന്ന് വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനി വ്യക്തമാക്കി. ദര്‍ശന്‍ ഹിരാനന്ദാനി ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ നൽകിയ സത്യവാങ്മൂലം പുറത്തുവന്നതോടെ വലിയ വിവാദങ്ങളാണ് ഉണ്ടായിരിക്കുന്നത്. സത്യവാങ്മൂലം സി.ബി.ഐക്കും കൈമാറിയിട്ടുണ്ടെന്ന് ഹിരാനന്ദാനി അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയുടെ പാര്‍ലമെന്ററി ലോഗിന്‍ വിവരങ്ങള്‍ ഉപയോഗിച്ച് താന്‍ ദുബായില്‍നിന്ന് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്തുവെന്നാണ് ഹിരാനന്ദാനി വെളിപ്പെടുത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും അദാനിയും ഒരേ സംസ്ഥാനത്തു നിന്നുള്ളവരും അടുപ്പമുള്ളവരും ആയതിനാൽ അദാനിക്കെതിരെ നടത്തുന്ന ആരോപണങ്ങളിലൂടെ മോദിയെ ലക്ഷ്യം വയ്ക്കാം എന്നാണ് മഹുവ മൊയ്ത്ര കരുതിയിരുന്നതെന്ന് ഹിരാനന്ദാനി തന്റെ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട് സമ്മര്‍ദം ചെലുത്തി ഹിരാനന്ദാനിയെക്കൊണ്ട് വെള്ളപ്പേപ്പറില്‍ ഒപ്പിടീക്കുകയായിരുന്നുവെന്നും ഇത് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നുമാണ് മഹുവ മൊയ്ത്ര കഴിഞ്ഞദിവസം ആരോപണമുന്നയിച്ചിരുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ഹിരാനന്ദാനി പൂർണ്ണമായും തള്ളിക്കളഞ്ഞു. തന്റെ പരാതി ആരുടെയും സമ്മർദ്ദ പ്രകാരം അല്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അദാനി ഗ്രൂപ്പിനെതിരെയുള്ള ആരോപണങ്ങളിൽ മഹുവയ്‌ക്കൊപ്പം രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടോ എന്ന കാര്യം ദര്‍ശന്‍ ഹിരാനന്ദാനി വ്യക്തമാക്കിയിട്ടില്ല.
Discussion about this post