മുംബൈ: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ ഇംഗ്ലണ്ടിനെതിരായ നിർണായക മത്സരത്തിലും കളിച്ചേക്കില്ലെന്ന് സൂചന. പാണ്ഡ്യയുടെ പരിക്ക് പ്രതീക്ഷിച്ചതിനേക്കാൾ സാരമുള്ളതാണ് എന്നാണ് ചില സ്പോർട്സ് മാദ്ധ്യമങ്ങൾ നൽകുന്ന വിവരം.
ന്യൂസിലൻഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ പരിക്കിനെ തുടർന്ന് പാണ്ഡ്യ കളിച്ചിരുന്നില്ല. ഞായറാഴ്ച ലഖ്നൗവിലെ ഏകന സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ പാണ്ഡ്യ കളിക്കും എന്നായിരുന്നു നേരത്തേ ലഭിച്ചിരുന്ന വിവരങ്ങൾ. എന്നാൽ, പാണ്ഡ്യയുടെ തിരിച്ചു വരവ് ഇനിയും വൈകിയേക്കും എന്നാണ് ഏറ്റവും പുതിയ വിവരം.
അതേസമയം, പാണ്ഡ്യക്ക് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ കൂടി വിശ്രമം നൽകുന്നത് മുൻകരുതൽ എന്ന നിലയിലാണ് എന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാണ്ഡ്യയുടെ മടങ്ങി വരവ് ഇനിയും വൈകിയാൽ സൂര്യകുമാർ യാദവ് ആയിരിക്കും അദ്ദേഹത്തിന് പകരം കളിക്കുക. ന്യൂസിലൻഡിനെതിരായ കഴിഞ്ഞ മത്സരത്തിൽ ദൗർഭാഗ്യകരമായ റൺ ഔട്ടിലൂടെ യാദവ് പുറത്തായത് ആരാധകരെ നിരാശരാക്കിയിരുന്നു.
ഏകന സ്റ്റേഡിയത്തിലെ പിച്ച് സ്പിൻ ബൗളിംഗിന് അനുകൂലമായിരിക്കുന്ന സാഹചര്യത്തിൽ, ഓഫ് സ്പിന്നർ രവിചന്ദ്രനെ അശ്വിനെ കളിപ്പിക്കാൻ ഇന്ത്യ തീരുമാനം എടുത്തേക്കും. സ്പിന്നിനെ നേരിടുന്നതിലെ ഇംഗ്ലണ്ടിന്റെ ബലഹീനതയും ഇന്ത്യ മുതലെടുത്തേക്കും. ഇങ്ങനെ ഒരു തീരുമാനമുണ്ടായാൽ പേസർ മുഹമ്മദ് സിറാജ് പുറത്തിരിക്കേണ്ടി വരും.
ടൂർണമെന്റിൽ ഇതുവരെ ഫോം കണ്ടെത്താത്ത പേസർ ശാർദുൽ ഠാക്കൂർ ഇംഗ്ലണ്ടിനെതിരെയും കളിക്കാൻ സാദ്ധ്യത കുറവാണ്. എന്നാൽ നിലവിൽ ഇന്ത്യൻ ബൗളിംഗ് നിര മികച്ച ഫോമിലായതിനാൽ, സിറാജിനെ മാറ്റി അശ്വിനെ കൊണ്ടുവരുന്നത് തിരിച്ചടിയായേക്കും എന്ന മുന്നറിയിപ്പും ചില മുതിർന്ന താരങ്ങൾ നൽകുന്നുണ്ട്.
Discussion about this post