ഡബ്ലിൻ : ഏഷ്യാ പസഫിക് മേഖലയിൽ ഇന്ത്യയുമായുള്ള ബന്ധം ശക്തമാണെന്ന് അയർലൻഡ്. സാമ്പത്തിക ബന്ധത്തോടൊപ്പം തന്നെ ഇന്ത്യയുമായുള്ള സാംസ്കാരിക ബന്ധവും കൂടുതൽ ശക്തവും ആഴത്തിലുള്ളതുമാക്കണമെന്ന് ഐറിഷ് സർക്കാർ ആഗ്രഹിക്കുന്നുവെന്ന് ഉപപ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ വ്യക്തമാക്കി.
“2025-ഓടെ 100 ബില്യൺ യൂറോ വ്യാപാരമാണ് ലക്ഷ്യം വച്ചിരുന്നത്. എന്നാൽ അത് രണ്ട് വർഷം മുമ്പേ തന്നെ കവിഞ്ഞു. ഇന്ത്യയുമായും ഏഷ്യാ പസഫിക് മേഖലയുമായും കൂടുതൽ ബന്ധം പുലർത്തുന്നത് അയർലൻഡിന് ലോകമെമ്പാടുമുള്ള സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരും. ഇന്ത്യയുമായുള്ള ബന്ധം വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മുംബൈയിൽ പുതിയ കോൺസുലേറ്റ് ജനറലിനെ നിയോഗിച്ചിട്ടുണ്ട്” എന്നും അയർലൻഡിന്റെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും കൂടിയായ മാർട്ടിൻ വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് കനേഡിയൻ നയതന്ത്രജ്ഞരെ പിൻവലിച്ചതിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടിയും ശ്രദ്ധേയമായിരുന്നു. “രണ്ട് പ്രധാന രാജ്യങ്ങൾക്കിടയിൽ മധ്യസ്ഥത വഹിക്കാനായി അയർലൻഡിന് കഴിയില്ല, അവർ രണ്ട് പേരും ഞങ്ങളുടെ സുഹൃത്തുക്കളാണ്. ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കും എന്നാണ് കരുതുന്നത്.” എന്നുമായിരുന്നു ഈ വിഷയത്തിൽ അയർലൻഡ് ഉപപ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
Discussion about this post