ന്യൂഡൽഹി : കളിപ്പാട്ട ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് 800 കിലോയിലധികം പടക്കങ്ങൾ. വടക്കൻ ഡൽഹിയിലെ സദർ ബസാർ മേഖലയിൽ നിന്നാണ് പോലീസ് 800 കിലോയിലധികം പടക്കങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്.
ബീഹാർ സ്വദേശിയായ ഖുർഷിദ് ആലം (32) ആണ് അറസ്റ്റിലായത്. ദീപാവലിയോട് അനുബന്ധിച്ച് വിൽക്കാൻ പദ്ധതിയിട്ടാണ് സദർ ബസാറിലെ ഗാന്ധി മാർക്കറ്റിലെ കളിപ്പാട്ട ഗോഡൗണിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്നത്. ഉയർന്ന മലിനീകരണ തോത് കാരണം ഡൽഹി സർക്കാർ കഴിഞ്ഞ മാസം എല്ലാത്തരം പടക്കങ്ങളുടെയും നിർമ്മാണം, വിൽപ്പന, സംഭരണം, ഉപയോഗം എന്നിവ നിരോധിച്ചിരുന്നു.
രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് കളിപ്പാട്ട ഗോഡൗണിലെത്തി പരിശോധന നടത്തിയത്. വിശദമായ പരിശോധനയിൽ ഇവിടെ നിന്നും 806 കിലോഗ്രാം പടക്കങ്ങൾ കണ്ടെത്തുകയായിരുന്നു. ഹരിയാനയിൽ നിന്നുമാണ് പടക്കങ്ങൾ ലഭിച്ചതെന്ന് ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Discussion about this post