ആലപ്പുഴ :മോഷ്‌ടിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങളുമായി കടന്നുകളയാൻ ശ്രമിച്ച മോഷ്‌ടാക്കൾ പോലീസ് പിടിയിൽ. മോഷ്‌ടാക്കളുടെ കൈയ്യിൽ ഉണ്ടായിരുന്ന സ്മാർട്ട് വാച്ചാണ് പോലീസിന് കൃത്യമായ വിവരങ്ങൾ നൽകിയത്. ലൊക്കേഷൻ വിവരങ്ങൾ വാച്ചിലൂടെ അറിയാൻ സാധിച്ചതോടെ ബീഹാർ സ്വദേശികളായ ആറംഗ സംഘത്തെ പോലീസ് പിടികൂടി.
ബീഹാർ സ്വദേശികളായ മന്നം വാരാപ്പുഴ ജി.എസ്.അപ്പാർട്മെന്റിൽ താമസിക്കുന്ന ബി.ശംഭുകുമാർ(37),ബി.നൗലജ് കുമാർ (20), എ.മുകേഷ് ഗുപ്ത (24), എം.റൗഷൻ കുമാർ (20), എം.മന്റു കുമാർ, എൻ.ഫവാസ് (18) എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പണവും കണ്ടെടുത്തു.
മംഗലപുരം തലേക്കോണത്ത് നൗഫലിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ നിന്നും ടിവി,ലാപ്‌ടോപ്, ഡെസ്ക്ടോപ് കംപ്യൂട്ടർ, ടാബ്, സ്മാർട്ട് വാച്ച്, മേശയ്ക്കുള്ളിൽ ഉണ്ടായിരുന്ന കുറച്ചു പണം എന്നിവയാണ് മോഷ്ടിച്ചത്. സ്ഥാപനത്തിലെ കാർപെന്ററി ജോലികൾക്കായി എത്തിയതായിരുന്നു സംഘം. വാച്ച് കൃത്യമായ ലൊക്കേഷൻ നൽകിയതിനാൽ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടാൻ സാധിച്ചു. സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ മോഷ്‌ടാക്കൾ ആലപ്പുഴയിൽ എത്തിയെന്ന വിവരം ലഭിച്ചു. തുടർന്ന് മോഷ്‌ടാക്കളുടെ ലൊക്കേഷൻ ആലപ്പുഴ പോലീസിന് നൽകി. കാറിൽ സഞ്ചരിച്ച പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. തുടർന്ന് പ്രതികളെ മംഗലപുരം പോലീസിന് കൈമാറുകയായിരുന്നു.
Discussion about this post