തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ കോവിഡ് സമയത്ത് മൃതദേഹം സംസ്കരിക്കാനുള്ള കവർ വാങ്ങിയതിൽ വരെ വൻ അഴിമതി നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. നാഷണൽ ഹെൽത്ത് മിഷൻ നൽകിയ 8.19 കോടി രൂപയിൽ വൻ അഴിമതി നടന്നെന്നാണ് അനിൽ അക്കര ആരോപിക്കുന്നത്. മെഡിക്കല്‍ കോളേജ് എച്ച്ഡിഎസ് വിഭാഗവും മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണ സംഘവും ചേർന്നാണ് അഴിമതി നടത്തിയെന്നും അദ്ദേഹം പറഞ്ഞു. എച്ച്ഡിഎസ് ചെയർമാനായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അനിൽ അക്കര പറഞ്ഞു.
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ 3700 മരണമാണ് ആകെ നടന്നത്. അതില്‍ മൃതദേഹം മറവുചെയ്യാനുള്ള 2000 കവർ സൗജന്യമായാണ് ലഭിച്ചത്. ബാക്കിവരുന്ന 1700 എണ്ണത്തില്‍ മെഡിക്കല്‍ കോളേജ് നേരിട്ട് ടെന്‍ഡര്‍ നൽകി വാങ്ങിയത് ആയിരം എണ്ണമാണ്. ഒരു ബാഗിന്റെ വില 409 രൂപയാണ്. എന്നാൽ മെഡിക്കല്‍ കോളേജ് എംപ്ലോയീസ് സഹകരണ സംഘം വ്യാജ ബിൽ നൽകി തട്ടിയെടുത്തത് 31 ലക്ഷം രൂപയാണ്. മൃതദേഹം മറവുചെയ്യുന്ന ബാഗിൽ വരെ അഴിമതി നടത്തിയ എന്‍ജിഒ നേതാക്കളാണ് ഭരണസമിതിയിൽ ഇരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഭക്ഷണം വാങ്ങിയ വകയിൽ 1.32 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് നൽകിയത്. മെഡിക്കൽകോളേജിനകത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റ് കോവിഡ് കാലത്ത് കച്ചവടം ഇല്ലാത്തതിനാൽ പ്രവർത്തിച്ചിരുന്നില്ല. പിന്നെ ഏത് കുടുംബശ്രീ യൂണിറ്റിനാണ് ഓർഡർ നൽകിയതെന്നും അനിൽ അക്കര ചോദിച്ചു. സർവത്ര അഴിമതിയാണ് നടന്നത്, ആരോഗ്യമന്ത്രി ഇതിനു മറുപടി നൽകണം. എന്‍ആര്‍എച്ച്എം ഫണ്ട് ആയതിനാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post